ഇന്ധനവില വര്‍ധനവ്: പാളവണ്ടി വലിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം
കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാളവണ്ടി വലിച്ച് പ്രതിഷേധിച്ചു. കലൂര്‍ മെട്രോ സ്റ്റേഷന്‍ മുന്നില്‍ ഹെല്‍മെറ്റ് ധരിച്ച് പാളയില്‍ കയറിയിരുന്ന പ്രവര്‍ത്തകരെയും വലിച്ചു മറ്റ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പമ്പിലേക്ക് പ്രകടനം നടത്തി.
കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. ഓരോ ദിവസവും ഇന്ധനവില കുതിച്ചുയര്‍ന്നിട്ടും നടപടി എടുക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടിറ്റോ പറഞ്ഞു. അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ പോലും തയാറാകാത്ത സര്‍ക്കാരുകള്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ എണ്ണക്കമ്പനി ഓഫീസുകള്‍ക്ക് മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനു രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.