ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുന്നു; മത്സ്യനയത്തില്‍ തിരുത്തല്‍ വരുത്തിയത് ഗൂഢാലോചന- ചെന്നിത്തല
തിരുവനന്തപുരം: ഇഎംസിസിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസിയുമായി ഉണ്ടാക്കിയ ആദ്യത്തെ പ്രധാന ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. കുത്തക കമ്പനിക്ക് കേരളത്തിന്റെ കടല്‍ കൊള്ളയടിക്കാന്‍ നയം തിരുത്തിയ തടക്കം 2018 മുതല്‍ ഗൂഢാലോചന നടന്നു വരികയായിരുന്നെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. അസന്റില്‍ വെച്ച് ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് റദ്ദാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നല്‍കിയ നാല് ഏക്കര്‍ സ്ഥലം തിരികെ വരാം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ കടല്‍ കൊള്ളയടിക്കാന്‍ 2018 മുതല്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടപ്പാക്കി വരുന്നത്. ഇഎംസിസിയുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയതായി തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചതെന്ന് കമ്പനി പറയുന്നു. എന്നിട്ടും മുഖ്യമന്ത്രി ഇക്കാര്യം മറച്ചുവെക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പറയുന്നത്. അസന്റില്‍ വെക്കുന്നതിനു മുന്‍പ് ഇഎംസിസി ഫിഷറീസ് വകുപ്പിനും മന്ത്രിക്കും രേഖ കൈമാറിയിരുന്നു. അസന്റില്‍ വെക്കുന്നതിനു മുന്‍പാണ് ജ്യോതിലാല്‍ കേന്ദ്രത്തിന് കത്തയച്ചത്. ഫിഷറീസ് മന്ത്രി ചര്‍ച്ച നടത്തിയെന്ന രേഖകള്‍ പുറത്തുവിട്ടപ്പോള്‍ അതനുസരിച്ച് പുതിയ നുണകള്‍ പറയുകയാണ്.