ശശി തരൂരിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ തുടര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്ന പ്രീപോള്‍ സര്‍വേഫലങ്ങള്‍ പുറത്തു വന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഏറെ ജനപ്രീതിയുള്ള നേതാക്കളെ സംസ്ഥാനത്ത് മത്സരിപ്പിക്കുന്നതും മുഖ്യമന്ത്രിയാക്കുന്നതും അടക്കമുള്ള ഫോര്‍മുല തേടുന്നത്. ഇക്കാര്യത്തിന് ദേശീയ നേതൃത്വത്തിന്റെ കൂടി പിന്തുണയുണ്ട്.

തിരുവനന്തപുരം ജില്ലയിലെ നേമത്തോ വട്ടിയൂര്‍കാവിലോ മത്സരിപ്പിച്ച്‌ ഈ മണ്ഡലത്തിലെ നഷ്ടമായ മേല്‍ക്കൈ പിടിക്കാനാണ് ആലോചന. വട്ടിയൂര്‍കാവ് സിപിഎമ്മിന്റെ കയ്യിലും നേമം ബിജെപിയുടെ കയ്യിലുമാണ് ഇപ്പോഴുള്ളത്. നേരത്തേ നേമത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു എങ്കിലും തീരുമാനം മാറ്റി. പുതുപ്പള്ളി വിട്ടുളള മത്സരത്തിന് എ ഗ്രൂപ്പ് കലാപക്കൊടി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. എന്നാല്‍ സംസ്ഥാനത്തെ നേതാക്കളെക്കാള്‍ ജനപ്രിയതയുള്ള ശശി തരൂര്‍ നേമത്ത് മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.നിലവില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ ശശി തരൂര്‍ അപ്രതീക്ഷിതമായി സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നത് അടുത്തിടെ ഒരു ചാനല്‍ നടത്തിയ പ്രീപോള്‍ സര്‍വേയോടെയാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ സര്‍വേയില്‍ ഏറ്റവും മുന്നില്‍ എത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. തൊട്ടുപിന്നാലെ രണ്ടാമത് എത്തിയത് ശശി തരൂരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതായി പോയി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്നിട്ട് കൂടി തരൂരിന് രമേശ് ചെന്നിത്തലയുടെ മുകളില്‍ ജനപ്രീതി കിട്ടിയത് കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നുണ്ട്. വെറും ആറ് ശതമാനം മാത്രമായിരുന്നു രമേശിന് കിട്ടിയ പിന്തുണ. ഇതോടെ തരൂരിനെ ഇറക്കാന്‍ പാര്‍ട്ടിക്കുള്ളിലും ആവശ്യം ഉയര്‍ന്നു.

ചാനല്‍ സര്‍വേയ്ക്ക് മുൻപ് രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം എഐസിസി നടത്തിയ സര്‍വേയിലും പ്രമുഖ നേതാക്കളെക്കാള്‍ തരൂരിനായിരുന്നു പിന്തുണ കിട്ടിയത്. ന്യൂനപക്ഷങ്ങള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ തരൂരിന് വന്‍ സ്വാധീനം ഉണ്ടാകുന്നതായും സര്‍വേ കണ്ടെത്തി . ഇത് മുതലാക്കാന്‍ ആഗ്രഹിച്ചാണ് എഐസിസി പ്രകടനപത്രിക തയ്യാറാക്കാനുള്ള ചുമതല തരൂരിനെ ഏല്‍പ്പിച്ചത്. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ ഇല്ലാതിരുന്ന തരൂരിനെ ഉള്‍പ്പെടുത്തിയത്. മണ്ഡലത്തില്‍ ആദ്യം മുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയേയും ജനപ്രീതിയില്‍ പിന്നിലാക്കുമായിരുന്നോ എന്ന് എ ഗ്രൂപ്പിന് ആശങ്കപ്പെടുന്നുണ്ട്. ഗ്രൂപ്പ് പോരില്ല എന്നത് അദ്ദേഹത്തിന് യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനവും കിട്ടുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story