കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു

February 25, 2021 0 By Editor

തിരുവനന്തപുരം: പ്രമുഖ കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ വിഷ്ണുനാരായണന്‍ നമ്പൂതിരി (81) അന്തരിച്ചു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വെച്ചായിരുന്നു അന്ത്യം. പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയില്‍ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹം. കാലികമായ ജീവിതബോധം കവിതകളില്‍ നിറയുമ്പോള്‍ത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകള്‍ പങ്കുവെക്കുന്നു. വേദങ്ങള്‍, സംസ്‌കൃതസാഹിത്യം, യുറോപ്യന്‍ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരല്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം.

പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛന്‍ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാര്‍ പുരസ്‌കാരം – (2010), വള്ളത്തോള്‍ പുരസ്‌കാരം – (2010), ഓടക്കുഴല്‍ അവാര്‍ഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.