നാളെ മുതല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍

നാളെ മുതല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍

March 2, 2021 0 By Editor

തിരുവനന്തപുരം : അലവന്‍സ് പരിഷ്കരണം അടക്കമുള്ള ശമ്പളകുടിശ്ശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നു. കെജിഎംസിടിഎ യുടെ നേതൃത്വത്തില്‍ നാളെ മുതല്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍ ഏര്‍പ്പെടുമെന്നും സംഘടന അറിയിച്ചു. എന്‍ട്രി കേഡര്‍, കരിയര്‍ അഡ്വാന്‍സ്മെന്റ് പ്രൊമോഷന്റെ കാലയളവ് അടക്കമുള്ള അപാകതകള്‍ പരിഹരിക്കണമെന്നും കെജിഎംസിടിഎയുടെ ആവശ്യപ്പെടുന്നു

മാര്‍ച്ച്‌ മൂന്നിന് സംസ്ഥാനതലത്തില്‍ വഞ്ചനദിനം ആചരിക്കും. എല്ലാ മെഡിക്കല്‍ കോളേജിലും പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നിലും തിരുവനന്തപുരത്തു ഡിഎംഇ ഓഫീസിനു മുന്നിലും പ്രതിഷേധജാഥയും, ധര്‍ണയും നടത്തും. രോഗി പരിചരണത്തെയും, അധ്യാപനത്തെയും ബാധിക്കില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിക്കും.

മൂന്നാം തീയതി മുതല്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ചട്ടപ്പടി സമരം അനിശ്ചിതകാലം നടത്തും. ഈ കാലയളവില്‍ വി ഐ പി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ് -നോണ്‍ എമര്‍ജന്‍സി മീറ്റിംഗുകള്‍ എന്നിവ ബഹിഷ്കരിക്കും. അധികജോലികള്‍ ബഹിഷ്കരിക്കും. രോഗികളുമായൊ അധ്യാപനവുമായൊ ബന്ധമില്ലാത്ത എല്ലാ ജോലികളും ബഹിഷ്കരിക്കും. അനിശ്ചിതകാലത്തേക്ക് എല്ലാ ദിവസവും കരിദിനം ആചരിക്കുകയും, രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വിശദീകരണകുറിപ്പ് നല്‍കുകയും ചെയ്യും.

എന്നിട്ടും തീരുമാനം ഒന്നുമില്ലെങ്കില്‍, മാര്‍ച്ച്‌ 10 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ വൈകിട്ട് 6.30 ന് കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. അന്നേ ദിവസം വൈകിട്ട് 8 മണിക്ക്, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രെസ്സ് കോണ്‍ഫറന്‍സ് നടത്തും. പ്രതിഷേധങ്ങള്‍ക്ക് എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കും. പിന്നെയും തീരുമാനം ഒന്നുമില്ലെങ്കില്‍ മാര്‍ച്ച്‌ 17ആം തിയതി ഒരു ദിവസം 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും, അധ്യാപനവും ബഹിഷ്കരിക്കും. അത്യാഹിത സര്‍വീസുകള്‍, ലേബര്‍ റൂം, ക്യാഷ്വലിറ്റി, അടിയന്തിരശസ്‌ത്രക്രിയകള്‍, വാര്‍ഡ് ഡ്യൂട്ടി, കോവിഡ് ചികിത്സ എന്നിവ മുടക്കം കൂടാതെ നടത്തും. എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കും.

മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിക്കണമെന്നും, അനാവശ്യസമരത്തിലേക്ക് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ തള്ളിയവിടരുതെന്നും കെജിഎംസിടിഎ സംസ്ഥാനസമിതി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു