വിനോദിനിക്കെതിരെ നടപടി: കസ്റ്റംസ്‌ നിയമോപദേശം തേടി

കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ ഐഫോണ്‍ സംബന്ധിച്ച കാര്യത്തില്‍ കസ്റ്റംസ് സംഘം നിയമോപദേശം തേടി. ഐഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും വിനോദിനി ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇനിയെന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് കസ്റ്റംസ് സംഘം നിയമോപദേശം തേടിയത്. സാധാരണ ഗതിയില്‍ മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ കോടതിയില്‍നിന്ന് വാറന്റ് വാങ്ങി അടുത്ത നടപടികളിലേക്ക് കടക്കുകയാണ് പതിവ്. ഇതിന് മുന്നോടിയായാണ് കസ്റ്റംസ് നിയമോപദേശം തേടിയിരിക്കുന്നത്.

അതേസമയം, വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിനോദിനി ബാലകൃഷ്ണന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കവടിയാറിലെ കടയില്‍നിന്നാണ് വിനോദിനി ഫോണ്‍ വാങ്ങിയത്. സ്റ്റാച്യു ജങ്ഷനിലെ കടയില്‍നിന്നാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ ഫോണ്‍ വാങ്ങിയത്. ഈ രണ്ട് ഫോണുകളും റീട്ടെയില്‍ കച്ചവടക്കാര്‍ക്ക് വിറ്റത് സ്‌പെന്‍സര്‍ ജങ്ഷനിലെ ഹോള്‍സെയില്‍ ഡീലറാണ്. രണ്ട് ഫോണുകളും അടുത്തടുത്ത ദിവസങ്ങളിലായാണ് വിറ്റത്. അതിനാല്‍ കസ്റ്റംസ് സംഘം ഹോള്‍സെയില്‍ ഡീലറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ സംഭവിച്ച ആശയക്കുഴപ്പമാകാം വിനോദിനിയുടെ ഫോണും സന്തോഷ് ഈപ്പന്‍ നല്‍കിയതാണെന്ന വാദത്തിന് കാരണമായതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

ഡോളര്‍ക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ യു.എ.ഇ. കോണ്‍സുലേറ്റിനു നല്‍കിയ ഐ ഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചു എന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ചോദ്യംചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാല്‍ കസ്റ്റംസിന്റെ വാദം വിനോദിനി നിഷേധിച്ചിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും തനിക്ക് ആരും ഫോണ്‍ നല്‍കിയിട്ടില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് പരാതി നല്‍കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story