പ്ലാസ്റ്റിക്കിനോട് ബൈ പറയാം: ബയോ ഡീഗ്രയിഡബിള്‍ ക്യാരി ബാഗുകളുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

May 26, 2018 0 By Editor

കോട്ടയം: പ്ലാസ്റ്റിക്കിനെ പടികടത്താന്‍ ബയോ ഡീഗ്രയിഡബിള്‍ ക്യാരി ബാഗുകളുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍. കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഫ്രട്ടേണിറ്റി, ഗ്രീന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി, റസിഡന്റസ് അസോസിയേഷന്‍ കൂട്ടായ്മയായ കൊറാക്ക എന്നിവയുടെ സഹകരണത്തോടെയാണ് പ്ലാസറ്റികിനെ പൂര്‍ണമായും മാറ്റിനിര്‍ത്തുന്ന ബദല്‍ മുന്നോട്ടുവെക്കുന്നത്.

വിദേശരാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്ന പോളിമര്‍ നിര്‍മിത ബയോ ഡീഗ്രയിഡബിള്‍ ക്യാരിബാഗുകള്‍ പൂര്‍ണമായും മണ്ണില്‍ ലയിച്ചുചേരും. ഇതിന് 90 മുതല്‍ 180 വരെ ദിവസങ്ങള്‍ മതിയാകും. കമ്പോസ്റ്റബിള്‍ ക്യാരിബാഗ് നിര്‍മിക്കാനും സംഭരിക്കാനും വില്‍ക്കാനും 50 മൈക്രോണ്‍ നിബന്ധനയും ബാധകമല്ല. ഇതിനാല്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളെക്കാള്‍ 30 ശതമാനം എണ്ണം കൂടുതല്‍ കിലോഗ്രാമില്‍ ലഭിക്കും.

പരിസ്ഥിതി സൗഹൃദ ഉല്‍പന്നം കൊച്ചിയിലെ ഗ്രീന്‍ എര്‍ത്ത് സൊലൂഷന്‍സ് സ്ഥാപനം വഴിയാണ് കേരളത്തിലെത്തിക്കുന്നത്. പ്ലാസ്റ്റിക്കില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ഭക്ഷ്യസാധനങ്ങള്‍ കാന്‍സര്‍ വ്യാപനത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നു. ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബോധവത്കരണവും ലക്ഷ്യമിട്ട് ജൂണ്‍ 15ന് കോട്ടയം ജറുസലേം പള്ളിയിലെ യൂഹാനോന്‍ മാര്‍ത്തോമ ഹാളില്‍ ശില്‍പശാല സംഘടിപ്പിക്കും.