മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതോ? രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

April 11, 2021 0 By Editor

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് പ്രതി കൂലേരി രതീഷിന്റെ മരണത്തില്‍ ദുരൂഹത. രതീഷിനെ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയതെങ്കിലും കൊലപ്പെടുത്തിയ കെട്ടിത്തൂക്കിയതാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്. ദുരൂഹതയിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനു പിന്നാലെ അര്‍ധരാത്രി വടകര റൂറല്‍ എസ്‌പി രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തി.
രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ട മരവും സമീപ പ്രദേശങ്ങളും അദ്ദേഹം പരിശോധിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു പിന്നാലെ പെട്ടെന്നുള്ള എസ്‌പിയുടെ സന്ദര്‍ശനം ഈ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം കൂട്ടുകയാണ്. വിശദ പരിശോധനയ്ക്കായി മന്‍സൂര്‍ വധം അന്വേഷിക്കുന്ന സംഘം രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ചെക്യാട്  എത്തും. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു.

അതിനിടെ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ അന്യായമായി പ്രതിചേര്‍ത്തതില്‍ മനംനൊന്താണ് രണ്ടാം പ്രതിയായ രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്തത്.സിപിഎം അനുഭാവിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ രതീഷിനെ മറ്റെന്തോ വൈരാഗ്യം വച്ച്‌ മുസ്ലിം ലീഗുകാര്‍ കള്ളക്കേസില്‍പ്പെടുത്തുകയായിരുന്നു എന്നും ദേശാഭിമാനി പറയുന്നു. അതേസമയം മന്‍സൂര്‍ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാവുന്നു എന്ന് വി ടി ബല്‍റാം ആരോപിച്ചു.