കോവിഡ് ലക്ഷണങ്ങൾ അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയ്ക്കു നേതൃത്വം: മുഖ്യമന്ത്രി നടത്തിയത് കോവിഡ് പ്രോട്ടോക്കോളിന്റെ കടുത്ത ലംഘനം!

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണത്തെക്കുറിച്ചു കൃത്യമായി വിശദീകരിക്കാനാകാതെ സർക്കാർ. വിവാദത്തിനെതിരെ മന്ത്രി കെ.കെ. ശൈലജ രംഗത്തുവന്നെങ്കിലും വിമർശകർ ഉന്നയിച്ച കാര്യങ്ങൾക്ക് മന്ത്രിക്കു കൃത്യമായ മറുപടി നൽകാനായില്ല. ഒപ്പം മുഖ്യമന്ത്രിക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും അവർ സമ്മതിച്ചു.

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് 6നു കോവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തേ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ രാവിലെ മുഖ്യമന്ത്രിയും ഭാര്യ കമലയും വോട്ട് ചെയ്യാൻ എത്തിയപ്പോൾ വീണ ഒപ്പം ഉണ്ടായിരുന്നില്ല. ഉച്ചയ്ക്കാണു വീണയുടെ പരിശോധനാഫലം ലഭിച്ചത്. കോവിഡ് പോസിറ്റീവായതിനാൽ വൈകിട്ട് 6.30നു പിണറായിയിലെ ആർസി അമല ബേസിക് യുപി സ്‌കൂളിൽ പിപിഇ കിറ്റ് ധരിച്ചെത്തി വീണ വോട്ട് ചെയ്യുകയായിരുന്നു. 8നാണു മുഖ്യമന്ത്രിക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. അദ്ദേഹത്തെ വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

മാർച്ച് 3ന് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച മുഖ്യമന്ത്രിക്കു കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്നും മുൻകരുതലെന്ന നിലയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്നുമാണ് അന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചത്. മാർഗരേഖ അനുസരിച്ച് 10ാം ദിവസം പരിശോധന നടത്തി നെഗറ്റീവ് ആണെന്നു കണ്ടാൽ മാത്രമേ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ പാടുള്ളൂ. 18നാണു മുഖ്യമന്ത്രിക്കു പരിശോധന നടത്തേണ്ടത്. ഇന്നലെ അദ്ദേഹം ആശുപത്രി വിട്ടതോടെ മുഖ്യമന്ത്രി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്നു വിമർശനം ഉയർന്നു. അപ്പോഴാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ പ്രതികരണം വരുന്നത്. പിണറായിക്കു 4നു തന്നെ ജലദോഷം ഉണ്ടായിരുന്നുവെന്നാണ് പ്രിൻസിപ്പലിന്റെ വെളിപ്പെടുത്തൽ. അതനുസരിച്ചു വിഷു ദിനമായ ഇന്നലെ 10 ദിവസമായെന്നും അതാണു പരിശോധന നടത്തിയതും ഡിസ്ചാർജ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ ന്യായീകരണം മുഖ്യമന്ത്രിയെയും സർക്കാരിനെയും കൂടുതൽ വെട്ടിലാക്കി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് 4നാണു ചലച്ചിത്ര നടന്മാർ ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയ്ക്കു പിണറായി നേതൃത്വം നൽകിയത്. രോഗലക്ഷണം ഉണ്ടായിരുന്ന മുഖ്യമന്ത്രി അതിൽ പങ്കെടുത്തതു പ്രോട്ടോക്കോളിന്റെ കടുത്ത ലംഘനമെന്നാണു കുറ്റപ്പെടുത്തൽ. കൂടുതൽ പേരിലേക്ക് വൈറസ് പടർത്തുന്നതായിരുന്നു മുഖ്യമന്ത്രിയുടെ സമീപനമെന്നു കേന്ദ്രമന്ത്രി വി.മുരളീധരനും വിമർശിച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story