കൊവിഡ് നിയന്ത്രണം: സര്‍വകക്ഷി യോഗം നാളെ

April 25, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയാനും കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് പോകണോയെന് ആലോചിക്കാനും മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ക്കുന്ന സര്‍വകക്ഷിയോഗം നാളെ. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ഉണ്ടാകാൻ ഇടയില്ലെങ്കിലും വരുംദിവസങ്ങളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ക്ക് കേരളത്തില്‍ സാധ്യത.
നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധനടപടികളും തിങ്കളാഴ്ച നടക്കുന്ന സര്‍വകക്ഷിയോഗം ചര്‍ച്ചചെയ്യും. ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണല്‍ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമുണ്ട്. അതു നടപ്പാക്കിയാല്‍ വ്യാപാര, തൊഴില്‍ മേഖലകളില്‍ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പോലീസ് ഇടപെടലുകളിലും വ്യാപാരികള്‍ ഇപ്പോള്‍ത്തന്നെ എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്.

ലോക്ഡൗണ്‍ ഇല്ലാതെതന്നെ നിയന്ത്രണങ്ങള്‍ വേണമെന്നതില്‍ സി പി എമ്മിനും ഇടതുമുന്നണിക്കും എതിരഭിപ്രായമില്ല. ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളില്‍ സര്‍ക്കാരിനു പിന്തുണയുണ്ടെന്നു പ്രതിപക്ഷനേതാവും വ്യക്തമാക്കിയിട്ടുണ്ട്.ഫലപ്രഖ്യാപനദിവസം വലിയ ആഘോഷം വേണ്ടെന്ന നിലപാടാകും സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ്. സ്വീകരിക്കുക. ലോക്ഡൗണിനോട് ബി.ജെ.പി.യും യോജിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയതുള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രോട്ടോകോള്‍ നടപ്പാക്കി വോട്ടെണ്ണല്‍ നടത്തി തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കമ്മിഷന്റെ തീരുമാനം.