നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശ് അന്തരിച്ചു

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. വി വി പ്രകാശ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം.…

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ. വി വി പ്രകാശ് അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് വിവി പ്രകാശ് ജനിച്ചത്. എടക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലും ചുങ്കത്തറ എം പി എം ഹൈസ്‌കൂളിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. മമ്പാട് എം ഇ എസ് കോളജിലും മഞ്ചേരി എന്‍ എസ് എസ് കോളജിലുമായി കോളജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ കെ എസ് യു പ്രവര്‍ത്തകനായ വി വി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെ സി വേണുഗോപാല്‍ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായി.

സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ എസ് ആര്‍ ടി സി ഡയറക്ടര്‍, എഫ് സി ഐ അഡൈ്വസറി ബോര്‍ഡ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര ഗ്രാമ പഞ്ചായത്ത് അംഗം, എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2011ല്‍ തവനൂര്‍ മണ്ഡലത്തില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥിയായി എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന നിലവിലെ മന്ത്രി കെ ടി.ജലീലിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രാവിലെ ആറര മുതൽ 7.30 വരെ മലപ്പുറം ഡി സി സി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് മൂന്നു മണിക്ക് എടക്കരയിൽ സംസ്കാരം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story