അമൃത സര്‍വ്വകലാശാലയില്‍ നാനോടെക്നോളജി  അധ്യാപക ഒഴിവുകള്‍; അവസാന തിയതി ജൂണ്‍ ആറ്

അമൃത സര്‍വ്വകലാശാലയില്‍ നാനോടെക്നോളജി അധ്യാപക ഒഴിവുകള്‍; അവസാന തിയതി ജൂണ്‍ ആറ്

May 10, 2021 0 By Editor

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാനോടെക്നോളജി മേഖലയുമായി ബന്ധപ്പെട്ടുള്ള ഊര്‍ജ്ജ വിഭാഗത്തിലാണ് ഒഴിവുകള്‍. അസിസ്റ്റന്റ്റ് / അസ്സോസിയേറ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്, അസിസ്റ്റന്റ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അസിസ്റ്റന്റ് / അസോസിയേറ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് (എ. പി. / എ.എ.പി.): ആകെ രണ്ട് ഒഴിവുകള്‍. ഉദ്യോഗാര്‍ത്ഥികള്‍ ഊര്‍ജം, നാനോടെക്‌നോളജി തുടങ്ങിയ വിഷയത്തില്‍ ഗവേഷണം നടത്തിയവരായിരിക്കണം. സ്വതന്ത്രമായി ഗവേഷണം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ആദ്യം അഞ്ച് വര്‍ഷത്തേക്കായിരിക്കും നിയമനം. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവരെ മികവിന്‍റെ അടിസ്ഥാനത്തില്‍ അടുത്ത ലെവലിലേക്ക് പരിഗണിയ്ക്കും.

അസിസ്റ്റന്റ്റ് പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് (എ. പി.):   ആകെ രണ്ട് ഒഴിവുകള്‍. ഫിസിക്‌സ്, കെമസ്ട്രി, മെറ്റീരിയല്‍ സയന്‍സ്, എനര്‍ജി സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ പിഎച്ച്. ഡി. യോഗ്യത നേടിയ  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദ / ബിരുദാനന്തര തലത്തില്‍ അധ്യാപന പരിചയമുണ്ടായിരിക്കണം. ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. തുടര്‍ന്ന് മൂന്ന് വര്‍ഷം വരെ നീട്ടും. അധ്യാപന മികവിന്‍റെ അടിസ്ഥാനത്തില്‍ തസ്തികയില്‍ സ്ഥിരപ്പെടുത്തിയേക്കാം.

താത്പര്യമുള്ളവര്‍ researchsecretary@aims.amrita.edu എന്ന മെയിലിലേക്ക് വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അയക്കുക. കൂടാതെ ഓണ്‍ലൈനായും അപേക്ഷിക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/jobs സന്ദര്‍ശിക്കുക. ഫോണ്‍: 0484 2858750.