ഉത്ര വധക്കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

കൊല്ലം: ഉത്ര വധക്കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പുനലൂർ കോടതിയിലാണ് ഭർത്താവ് സൂരജിനെയും ബന്ധുക്കളെയും പ്രതികളാക്കി കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഇരുനൂറോളം പേജുകളുള്ള കുറ്റപത്രം നൽകിയത്. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് ചുമത്തിയത്.

2020 മേയ് ആറിന് രാത്രിയിലാണ് ഉത്ര പാമ്പ് കടിയേറ്റ് കൊല്ലപ്പെടുന്നത്. മൂർഖൻ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതക കേസിൽ ഭർത്താവ് സൂരജിനെ പ്രതിയാക്കി കുറ്റപത്രം നേരത്തേ നൽകി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. രണ്ടാം കുറ്റപത്രത്തിൽ സൂരജിന്റെ പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് പ്രതികൾ. സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് 20% മനോദൗർബല്യമുള്ള ഉത്രയെ സൂരജ് വിവാഹം കഴിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിവാഹത്തിന് മുൻപ് തന്നെ ഉത്രയുടെ അവസ്ഥ മാതാപിതാക്കൾ സൂരജിനെയും ബന്ധുക്കളെയും ധരിപ്പിച്ചു. സമ്മർദത്തെ തുടർന്ന് മൂന്നര ഏക്കർ വസ്തുവും 100 പവൻ സ്വർണവും കാറും 10 ലക്ഷം രൂപയും സ്ത്രീധനമായി നൽകാനും തയാറായി. എന്നാൽ പിന്നീട‌ും പണത്തിനായുള്ള സമ്മർദം തുടർന്നു. 8000 രൂപ പ്രതിമാസം വീട്ടു ചെലവിനായി വാങ്ങി.

ഉത്രയോട് വളരെ മോശമായാണ് സൂരജും വീട്ടുകാരും പെരുമാറിയത്. സൂരജ് പലപ്പോഴും ഉപദ്രവിച്ചു. പണം ലഭിക്കാൻ പല തവണ ഭാര്യയെ അവരുടെ വീട്ടിൽ കൊണ്ടു ചെന്നാക്കി. വീട്ടുകാർ ഉത്രയെ മാനസികമായി പീഡിപ്പിച്ചു. ഉത്രയുടെ സ്വർണവും പണവും സൂരജും വീട്ടുകാരും സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. കൊലപാതകത്തിന് ശേഷം സ്വർണം ഒളിപ്പിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. കുറ്റപത്രത്തിൽ പറയുന്നു. രേഖകളും ഹാജരാക്കി. ഡിവൈഎസ്പി എ.അശോകനാണ് കുറ്റപത്രം സമർപ്പിച്ചത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story