വാക്സീൻ എടുത്തവരിലും കോവിഡ് മുക്തരിലും വീണ്ടും രോഗമുണ്ടാക്കുന്നത് തീവ്രവ്യാപന സ്വഭാവമുള്ള ഡെൽറ്റ വകഭേദം
തിരുവനന്തപുരം: കേരളത്തിൽ വാക്സീൻ എടുത്തവരിലും കോവിഡ് മുക്തരായവരിലും വീണ്ടും കോവിഡ് ബാധയ്ക്കിടയാക്കുന്നതു തീവ്രവ്യാപന സ്വഭാവമുള്ള വൈറസിന്റെ ഡെൽറ്റ വകഭേദമെന്ന് (ബി.1.617.2) പഠനം. സംസ്ഥാന സർക്കാരിനു വേണ്ടി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എന്നിവിടങ്ങളിൽ നടത്തിയ വൈറസിന്റെ ജനിതകഘടനാ പഠനത്തിലാണു നിർണായകമായ കണ്ടെത്തൽ.
കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ച സാംപിളുകളിൽ 95 ശതമാനത്തിനു മുകളിലും രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച സാംപിളുകളിൽ 93 ശതമാനവും ഡെൽറ്റ വകഭേദമാണ്.വാക്സീൻ വഴിയും രോഗപ്രതിരോധം വഴിയും ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളെ ഡെൽറ്റ വൈറസ് മറികടക്കുന്നുവെന്നു വ്യക്തമായതോടെ മൂന്നാം തരംഗത്തിൽ കേരളം കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
കേരളത്തിൽ കഴിഞ്ഞ 2 മാസങ്ങളിൽ ഡെൽറ്റ മൂലം കോവിഡ് ബാധിച്ചവർക്കു വീണ്ടും കോവിഡ് ബാധയുണ്ടാകുന്നുണ്ടോ എന്നും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. ഡെൽറ്റയ്ക്കു വീണ്ടും ജനിതകമാറ്റം സംഭവിക്കുന്നുണ്ടോ എന്നു തിരിച്ചറിയാനാണിത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള സാംപിളുകളിലാണു രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ സാംപിളുകളാണു കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിക്കുന്നത്.