ഒരു നിമിഷം പോലും അധികാരത്തിലിരിക്കാന്‍ പിണറായിക്ക് യോഗ്യതയില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഒരു നിമിഷം പോലും അധികാരത്തിലിരിക്കാന്‍ പിണറായിക്ക് യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കെവിന്റെ ക്രൂരമായ കൊലപാതകത്തില്‍ പ്രധാന പ്രതിസ്ഥാനത്തുള്ളത് പൊലീസാണ്. അതിനാല്‍ ഇതിന്റെ ധാര്‍മിക ഉത്തരാവാദിത്വം മുഖ്യമന്ത്രിക്കാണ്. സമാനതകളില്ലാത്ത ദുരന്തമാണ് സംഭവിച്ചത്. പരിഷ്‌കൃത കേരളം രാജ്യത്തിന് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥ. ഡി.വൈ.എഫ്.ഐക്കാരായ പ്രതികളുമായി പൊലീസിന് അടുത്ത ബന്ധമുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രശ്‌നത്തില്‍ മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം തീര്‍ത്തും ബാലിശവും അരോചകവുമായിരുന്നു. യഥാസമയം പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കെവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി ആ യുവാവിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. പൊലീസ് കാട്ടിയ അനാസ്ഥയെക്കുറിച്ച് അന്വേഷിക്കണം. ഗാന്ധിനഗര്‍ എസ്.ഐയുടെ ഫോണ്‍കോളുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ പരിശോധിക്കണം.
കഴിവുകെട്ട ഏറാന്‍മൂളികളെ ക്രമസമാധാന ചുമതല ഏല്‍പിച്ചതിന്റെ ഫലമാണ് കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ അനുഭിക്കുന്നത്. ട്രാഫിക് സംവിധാനം നല്ലനിലയില്‍ കൈകാര്യം ചെയ്തുവന്ന ഓഫീസറെയാണ് ആലപ്പുഴയിലും പിന്നെ കോട്ടയത്തും എസ്.പിയായി നിയമിച്ചത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അഞ്ചുതവണയാണ് എസ്.പിമാരെ മാറ്റി നിയമിച്ചത്. മുഖ്യമന്ത്രിയുടെ ഉപദേശകനായ രമണ്‍ശ്രീവാസ്തവ ഭരണാഘടനാതീത ശക്തിയായി പ്രവര്‍ത്തിക്കുന്നു .
അതോടെ ഡി.ജി.പി വെറും നോക്കുകുത്തിയായി. പൊലീസ് അതിക്രമം എല്ലാ സീമകളും ലംഘിക്കാന്‍ ഇത് ഇടയാക്കി. നാഥനും നമ്ബിയുമില്ലാത്ത, കുത്തഴിഞ്ഞ പുസ്തകം പോലെയായി പൊലീസ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാക്കി മാറ്റിയതോടെ എസ്.മാരും സി.ഐമാരും ഫലത്തില്‍ നിഷ്‌ക്രിയരായി.
ഇരിങ്ങാലക്കുടയില്‍ മകനെ തേടിയെത്തിയ ഗുണ്ടാസംഘം പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയതും അടുത്ത ദിവസമാണ്. വരാപ്പുഴ സംഭവത്തില്‍ റൂറല്‍ എസ്.പിക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. എസ്.ഐ ജാമ്യത്തിലിറങ്ങി.വിനായകന്റെ മരണത്തിന് ഉത്തരവാദികളായി പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. മുഖ്യമന്ത്രിക്ക് ഇത്രവലിയ സുരക്ഷാ സന്നാഹം എന്തിനാണ്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൈലറ്റ് വാഹനം ഇടിച്ചുതെറിപ്പിച്ചു. പൊതുമുതല്‍ നശീകരണത്തിന് കേസെടുത്ത് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കാതെ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന സ്ഥിതി. ഇത്രയൊക്കെ വലിയ സംഭവമുണ്ടായിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
പാര്‍ട്ടിയും മുന്നണിയും നിശബ്ദത പാലിക്കുന്നു. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട തുടര്‍നടപടികള്‍ യു.ഡി.എഫ് ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.