'ലൈക്കി'നു പോലും കൃത്യമായ രാഷ്ട്രീയമാനമോ !" വൈരമുത്തുവിന് ഒ എന്‍ വി പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ പോസ്റ്റോട് പോസ്റ്റ്" മീടു ആരോപണത്തില്‍ മാപ്പ് പറഞ്ഞ വേടന്റെ പോസ്റ്റിന് ലൈക്ക് " താരങ്ങളുടെ ഇരട്ടത്താപ്പിന്‌' രൂക്ഷ വിമർശനം

മലയാളി റാപ്പര്‍ ഹിരണ്‍ദാസ് മുരളിക്കെതിരെ(വേടന്‍) മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു. സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' എന്ന സംഗീത ആല്‍ബത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയായിരുന്നു വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്. തനിക്ക് നേർക്കുള്ള എല്ലാം വിമർശനങ്ങളും താഴ്മയോടെ ഉൾക്കൊള്ളുകയും നിലവിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിർവ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നുവെന്ന് വേടൻ പിന്നീട് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

ഈ മാപ്പപേക്ഷയ്ക്ക് പിന്നാലെ വേടന് പിന്തുണ അറിയിച്ച് നിരവധി പേർ രം​ഗത്തെത്തി. അക്കൂട്ടത്തിൽ വേടൻ പങ്കുവച്ച പോസ്റ്റിന് ലൈക്ക് ചെയ്തുകൊണ്ട് മലയാള സിനിമയിലെ പല സെലിബ്രിറ്റികളും ഉൾപ്പെട്ടത് ഇപ്പോൾ വിമർശനത്തിന് കാരണമായിരിക്കുകയാണ്. നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പടെ നിരവധി പേര്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. ഫെമിനിസവും തുല്യനീതിയും ആവശ്യപ്പെടുകയും ഇരയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന ഈ സെലിബ്രിറ്റികളുടെ ഇരട്ടത്താപ്പിനെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്.

തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ മുന്‍പ് 17 സ്ത്രീകള്‍ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ വൈരമുത്തുവിന് ഒ എന്‍ വി കുറിപ്പിന്റെ പേരിലുള്ള അവാര്‍ഡ് നല്‍കിയതിനെതിരെ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

'ലൈക്കി'നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന് പറയുന്ന ഇവർ ഈ പ്രവൃത്തിയിലൂടെ ഇരയ്ക്കൊപ്പമല്ല, മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണ് തങ്ങളെന്നല്ലേ തെളിയിച്ചതെന്ന് സംവിധായകൻ ഒമർ ലുലു ചോദിക്കുന്നു. ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ് കൂട്ടുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ പുരോ​ഗമന കോമാളികളെന്നാണ് വിളിക്കേണ്ടതെന്നും ഒമർ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

നടി രേവതി സമ്പത്തും പാര്‍വതിക്കെതിരെ പോസ്റ്റിട്ടു പാര്‍വതിയുടെ പ്രവൃത്തി തീര്‍ത്തും നിരാശ ജനകമാണ്. വേടന്‍ ഒരു ക്രിമിനലാണ്, അത് നിങ്ങള്‍ മറന്നു പോകുന്നു. ഇതാണോ നടിയുടെ രാഷ്ട്രീയമെന്ന് രേവതി സമ്പത്ത്‌ ചോദിക്കുന്നു. പാര്‍വതി ചെയ്ത ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യല്‍ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ് എന്നും രേവതി സമ്പത്ത്‌ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story