കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി;അതിതീവ്ര മേഖലകളില്‍ പത്തിരട്ടി പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. അതായത് തുടര്‍ച്ചയായ 3 ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 300ന്റെ പത്ത് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടി.പി.ആര്‍. കുറയുന്നതനുസരിച്ച് പരിശോധനയും മാറുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഒരാഴ്ചത്തെ ടി.പി.ആര്‍. 20നും 30 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന നടത്തുന്നതാണ്. ഒരാഴ്ചത്തെ ടി.പി.ആര്‍ 2നും 20 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന നടത്തുന്നതാണ്. ഈ മൂന്ന് വിഭാഗങ്ങള്‍ക്കും ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍., മറ്റ് പരിശോധനകളാണ് നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. 2 ശതമാനത്തിന് താഴെയായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന നടത്തണം. ഒരു പൂളില്‍ 5 സാമ്പിള്‍ എന്ന നിലയില്‍ ആര്‍.ടി.പി.സി.ആര്‍. പൂള്‍ഡ് പരിശോധനയാണ് നടത്തുക.

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്ത്/ വാര്‍ഡ് എന്നിവിടങ്ങളിലെ സ്ഥിതി ജില്ലാ സര്‍വയലന്‍സ് യൂണിറ്റ് വിശകലനം നടത്തുകയും പരിശോധനയ്ക്കുള്ള ടാര്‍ജറ്റ് നിശ്ചയിക്കുകയും ചെയ്യും. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, സ്ഥാപനങ്ങള്‍, പ്രത്യേക പ്രദേശങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ സമീപത്തുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ആവശ്യമെങ്കില്‍ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകളും ഉപയോഗിക്കാവുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story