വിസ്മയ ഒന്ന് അറിയിച്ചെങ്കില്‍ അവന്റെ കുത്തിന് പിടിച്ച് രണ്ട് പൊട്ടിച്ച് വിളിച്ചോണ്ട് വന്നേനെ; വികാരാധീനനായി സുരേഷ് ഗോപി
സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ പുരുഷാധിപത്യം നേരിടേണ്ടി വരുന്നതായി സുരേഷ് ഗോപി എംപി. സ്ത്രീധന പീഡനത്തിന് പ്രതിവിധിയുണ്ടാക്കുന്ന ശക്തമായ ഒരു നിയമം ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. മനോരമാ ചാനല്‍ ചര്‍ച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം. വിസ്മയ ആത്മഹത്യ ചെയ്യാനുള്ള തീരുമാനം എടുക്കുന്നതിനുമുൻപ് തന്നെ വിളിച്ചിരുന്നുവെങ്കിൽ കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് വിളിച്ചോണ്ട് വന്നേനെ എന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ;
‘ഞാന്‍ വിസ്മയയുടെ സഹോദരന്‍ വിജിത്തിനെ വിളിച്ചിരുന്നു. അപ്പോള്‍ വിസ്മയയുടെ മൃതദേഹം പോസ്‌റ്റുമാർട്ടം നടക്കുകയാണ്. ഞാന്‍ വിജിത്തിനോട് ചോദിച്ചു പോയി. ‘എത്രയോ പേര്‍ എന്റെ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നു, ആ കുട്ടിക്ക് തലേദിവസം എന്നെ വിളിച്ചു കൂടായിരുന്നോ,
‘ഈ തീരുമാനം എടുക്കുന്നതിന് മുന്‍പ് എന്നെ ഒന്നു വിളിച്ച്, ആ കുട്ടി പറഞ്ഞിരുന്നെങ്കില്‍. കാറെടുത്ത് ആ വീട്ടില്‍ പോയി അവന്റെ കുത്തിന് പിടിച്ചിറക്കി അവനിട്ട് രണ്ട് പൊട്ടിച്ച് ഞാന്‍ വിളിച്ചോണ്ട് വന്നേനെ. അതിനു ശേഷം വരുന്നതൊക്കെ ഞാന്‍ നോക്കിയേനേ.’
‘നിശബ്ദമായി ഈ ദുരവസ്ഥ ഇങ്ങനെ ഏറ്റുവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോൾ. നിയമം നിർമിച്ചുവരുന്നതിൽ ഇനിയും ശക്തി കൈവരിക്കണം.സ്ത്രീധന പീഡനത്തില്‍ പൊലീസിന് എന്തുകൊണ്ട് ശക്തമായ നടപടി എടുക്കാന്‍ സാധിക്കുന്നില്ല. പെൺകുട്ടിയുടെ വശത്തും തെറ്റുണ്ടെന്ന ഭാഷ്യമാണ് നിയമപാലകരുടേതെങ്കിൽ എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു.’- സുരേഷ് ഗോപി പ്രതികരിച്ചു.