ജോസഫൈനെ സംരക്ഷിച്ചാല്‍ അത് സുധാകരന് ഷൈന്‍ ചെയ്യാനുള്ള അവസരം ഉണ്ടാക്കികൊടുക്കലാകും എന്ന് അഭിപ്രായം ; രാജിയോടെ വിവാദം കെട്ടടങ്ങുമെന്ന് സിപിഎം വിലയിരുത്തല്‍
തിരുവനന്തപുരം: എംസി ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചു. ജോസഫൈനെ സംരക്ഷിച്ചാല്‍ പ്രതിപക്ഷം നേട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് എടുത്തതാണ് ഇതിന് കാരണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ഷൈന്‍ ചെയ്യാന്‍ അവസരം കൊടുക്കുന്നതിന് താല്‍പ്പര്യമില്ലെന്നതും തീരുമാനത്തെ സ്വാധീനിച്ചു. വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ കേന്ദ്ര കമ്മറ്റി അംഗത്തിന് നിര്‍ദ്ദേശം സിപിഎം നല്‍കി. ഇതനുസരിച്ച് ജോസഫൈന്‍ രാജി നല്‍കുകയായിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുത്താണ് പാര്‍ട്ടി തീരുമാനം. രാജിയോടെ വിവാദം കെട്ടടങ്ങുമെന്നാണ് സിപിഎം വിലയിരുത്തല്‍. വനിതാ കമ്മീഷന്‍ അധ്യക്ഷയായി ജോസഫൈന്‍ തുടരുന്നിടത്തോളം അവരെ വഴിയില്‍ തടയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് എകെജി സെന്ററിന് മുന്നിൽ പോലും കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കേരളത്തിലുടനീളം പ്രതിഷേധവും ശക്തമായി. ഈ സാഹചര്യമാണ് സിപിഎം സെക്രട്ടറിയേറ്റ് പരിശോധിച്ചത്. ഇതിനിടെ കൊല്ലത്തെ യുവതിയോട് മോശമായി സംസാരിക്കുന്ന ജോസഫൈന്റെ ശബ്ദരേഖയും പുറത്തു വന്നു. ഇതും സിപിഎം പരിഗണിച്ചു എന്നാണ് റിപ്പോർട്ടുകൾ.