ഇനി ‘ജവാൻ’ ഇല്ല: ട്രാവൻകൂർ ഷുഗേർസ് ആൻ്റ് കെമിക്കൽസിൽ മദ്യ ഉത്പാദനം നിർത്തിവെച്ചു

ഇനി ‘ജവാൻ’ ഇല്ല: ട്രാവൻകൂർ ഷുഗേർസ് ആൻ്റ് കെമിക്കൽസിൽ മദ്യ ഉത്പാദനം നിർത്തിവെച്ചു

July 2, 2021 0 By Editor

പത്തനംതിട്ട: തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസ് ഫാക്ടറിയിൽ ഉൽപ്പാദനം നിർത്തിവെച്ചു. ജവാൻ റം ഇവിടെയാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പിൽ പ്രതികളായതിനെ തുടർന്നാണ് നടപടി. മദ്യപാനികൾക്ക് പ്രിയമായ ജവാൻ റം ഉല്പാദിപ്പിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.

ആറ് മാസത്തേക്കാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാർ സ്വകാര്യ ഏജൻസിക്ക് നൽകുന്നത്. കരാർ ഏറ്റെടുത്തത് എറണാകുളത്തെ കേറ്റ് എഞ്ചിനിയറിങ്ങ് എന്ന സ്ഥാപനം. ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റ‌ർ സ്പിരിറ്റ് എത്തിക്കാനായിരുന്നു കരാർ . ഈ കാലയളവിലാണ് സ്പിരിറ്റ് മറിച്ച് വിറ്റത്. നാല് തവണയായി രണ്ട് ടാങ്കർ ലോറികളിലെ എട്ട് ലോഡ് സ്പിരിറ്റിൽ നിന്നാണ് വിൽപ്പന നടത്തിയത്. ഇങ്ങനെ സ്പിരിറ്റ് വിറ്റ ഇനത്തിൽ 25 ലക്ഷം രൂപയാണ് ഡ്രൈവർമാരായ നന്ദകുമാറും സിജോ തോമസും സ്ഥാപനത്തിന്റെ വെയർ ഹൗസ് മാനേജറായ അരുൺ കുമാറിന് എത്തിച്ച് നൽകിയത്. ഡ്രൈവർമാർ ഈ വിവരം പൊലീസിനോട് സമ്മതിച്ചു.

സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടായെന്ന് മൊഴി നൽകിയ അരുൺ കുമാർ പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ സമ്മതിച്ചിട്ടില്ല. അറസ്റ്റിലയാവരുടെ മൊഴി പ്രകാരം പ്രതി പട്ടികയിൽ ചേർത്ത സ്ഥാപനത്തിലെ ജനറൽ മാനേജർ അലക്സ് എബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. ട്രാവൻകൂർ ഷുഗേഴ്സ് കെമിക്കൽസിലെ സ്റ്റോക്ക് രജിസ്റ്റർ അടക്കം പൊലീസ് പരിശോധിക്കും. ലോഡ് എത്തിക്കുമ്പോഴുള്ള നടപടികളിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് നിഗമനം. പ്രതികൾക്കെതിരെ ഗൂഡാലോചന കുറ്റവും അബ്കാരി ആക്ടിലെ 65 എ വകുപ്പും ചുമത്തി.

ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസ് ഫാക്ടറിയിലേക്ക് മധ്യപ്രദേശിൽ നിന്നെത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായിരുന്നു. ഇത് സംബന്ധിച്ച് വിവരം ലഭിച്ച എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് പുറത്തായത്. ഫാക്ടറിയിലേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി. ഡ്രൈവർമാരെ ചോദ്യം ചെയ്തപ്പോൾ ഫാക്ടറിയിലെ ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു മൊഴി. പിന്നീടാണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അൻപത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വിൽക്കുകയായിരുന്നു.