സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടിയേക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ സാധ്യത. രോഗവ്യാപനം കൂടുതലുള്ള വടക്കൻ ജില്ലകളിൽ പരിശോധനകൾ വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം സ്വീകരിച്ചത്.
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ നാളെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് മൂന്നരയ്ക്ക് ചേരുന്ന യോഗത്തിന് ശേഷം ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കും. സംസ്ഥാനത്ത് കൊറോണ പരിശോധന വർദ്ധിപ്പിച്ചതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടാൻ കാരണമായതെന്ന് യോഗത്തിൽ വിദഗ്ധ സമിതി വ്യക്തമാക്കി.
നിലവിലെ സ്ഥിതി ആശങ്കാജനകമല്ല, എന്നാൽ ജാഗ്രത വേണം. നിയന്ത്രണങ്ങൾ തുടരണമെന്നാണ് പോലീസും ആരോഗ്യവകുപ്പും യോഗത്തിൽ ആവശ്യപ്പെട്ടത്. ഇതിൻറെയെല്ലാം പശ്ചാത്തലത്തിൽ നാളെ ജില്ലാ കളക്ടർമാരുമായി നടത്തുന്ന യോഗത്തിലെ നിർദേശങ്ങൾ കൂടി പരിഗണിച്ചാകും ലോക്ഡൗൺ ഇളവുകളിൽ അന്തിമ തീരുമാനം സ്വീകരിക്കുക.
അതിനിടെ കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര സംഘം സംസ്ഥാനത്തെത്തി. ഇന്ന് രാവിലെയോടെ സംസ്ഥാനത്തെ ചികിത്സാ സൗകര്യങ്ങൾ അടക്കം പരിശോധിക്കാനെത്തിയ സംഘം മൂന്നാം തരംഗം മുൻകൂട്ടി കണ്ട് ജാഗ്രതയോടെ നടപടികളെടുക്കണമെന്ന് ആരോഗ്യവകുപ്പിന് നിർദേശം നൽകി.