മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച അനുകൂലം; ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പുകിട്ടിയതായി വ്യാപാരികള്‍

July 16, 2021 0 By Editor

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കടകള്‍ തുറക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു. നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന കടതുറക്കല്‍ സമരത്തില്‍ നിന്ന് പിന്മാറിയതായും വ്യാപാരികള്‍ അറിയിച്ചു.

വൈകുന്നേരത്തെ വാര്‍ത്താസമ്മളനത്തില്‍ മുഖ്യമന്ത്രി തന്നെ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും വ്യാപാരി സംഘടനാ പ്രതിനിധികള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ‘കടകള്‍ തുറക്കുന്നത്, സമയ പരിധി, പൊലീസിന്റെ എതിര്‍പ്പ് തുടങ്ങിയ കാര്യങ്ങളും ജിഎസ്ടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്‌നങ്ങളടക്കം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വ്യാപാരികള്‍ സന്തുഷ്ടരാണ്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അധികാരമുള്ളത് മുഖ്യമന്ത്രിക്കാണ്’.

കേരളത്തിലെ പൊതുസമൂഹത്തിന് ഗുണപ്രദമായ രീതിയില്‍ വലിയ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയുമെന്നും വ്യാപാരികള്‍ വ്യക്തമാക്കി.