തെങ്കാശിയില്‍ സ്വാമിയാട്ട് ഉത്സവത്തിന് മനുഷ്യത്തല ഭക്ഷിച്ചു; പൂജാരിമാരുൾപ്പെടെ 10 പേർക്കെതിരെ കേസ്"
തെങ്കാശിയിൽ ക്ഷേത്രോത്സവത്തിൽ ആചാരത്തിന്റെ ഭാഗമായി മനുഷ്യത്തല ഭക്ഷിച്ചു. സ്വാമിയാട്ട് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ 4 പൂജാരിമാരുൾപ്പെടെ 10 പേർക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. പാവൂർസ്രതം കല്ലൂരണി പഞ്ചായത്തിലെ മാടൻ സ്വാമി ക്ഷേത്ര ഉത്സവത്തിനിടെയാണ് ഞെട്ടിക്കുന്ന സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തെങ്കാശി പാവൂർ സത്തിറം കല്ലൂരണി ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് 4 പേർ ചേർന്നു മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ ചിലർ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതെത്തുടർന്ന് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നൽകിയ പരാതിയിലാണു കേസ്. പൂജാരിമാർ നാലുപേരും സ്വാമിയാട്ടച്ചടങ്ങിൽ പങ്കെടുത്തവരാണ്. ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാർ വേട്ടയ്ക്കു പോകുന്നതാണ് ചടങ്ങ്. തിരികെ വരുമ്പോൾ കൊണ്ടുവരുന്ന മനുഷ്യത്തല ഇവർ ചേർന്നു ഭക്ഷിക്കുന്നതാണ് ആചാരം.
കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വർഷവും ഈ ചടങ്ങു നടക്കുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ ശ്മശാനത്തിൽ നിന്നാണു തല സംഘടിപ്പിച്ചതെന്ന് പിടിയിലായ പൂജാരിമാർ പൊലീസിന് മൊഴിനൽകി. അതേസമയം ഇത് യഥാർഥ മനുഷ്യത്തല തന്നെയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ തെങ്കാശി എസ്പി ആർ.കൃഷ്ണരാജ് ഇവർക്കെതിരെ കേസെടുക്കാൻ പാവൂർസ്രതം പൊലീസിനോടു നിർദേശിക്കുകയായിരുന്നു.
പിടിച്ചെടുത്ത മനുഷ്യതല പോസ്റ്റ്മാർട്ടത്തിനായി മാറ്റി. ശ്മശാനം സൂക്ഷിപ്പുകാരനെയും ചോദ്യം ചെയ്തു.ഇയാളുടെ അറിവോടെയാണോ പാതി ദഹിപ്പിച്ച ആളുടെ തല ഉത്സവത്തിനെത്തിച്ച തെന്നും പോലീസ് അന്വേഷിക്കുന്നു. കൊവിഡ് മാനദണ്ഡം ലംഘിച്ച് 1000 ത്തോളം പേർ ഉത്സവത്തിൽ പങ്കെടുത്തതിനെ കുറിച്ചും അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു.