അമ്മക്കടുവ ഉപേക്ഷിച്ചു പോയ മംഗള എന്ന കടുവക്കുട്ടി ഇന്ന് കാടുകാണാനിറങ്ങും;അതിവിശാലമായ കൂട്ടിൽ വേട്ടയാടാൻ പഠിപ്പിക്കും”  50 ലക്ഷം രൂപയോളം പരിശീലനത്തിന് ചിലവ് വരും !

അമ്മക്കടുവ ഉപേക്ഷിച്ചു പോയ മംഗള എന്ന കടുവക്കുട്ടി ഇന്ന് കാടുകാണാനിറങ്ങും;അതിവിശാലമായ കൂട്ടിൽ വേട്ടയാടാൻ പഠിപ്പിക്കും” 50 ലക്ഷം രൂപയോളം പരിശീലനത്തിന് ചിലവ് വരും !

July 29, 2021 0 By Editor

പത്തനംതിട്ട: അമ്മക്കടുവ ഉപേക്ഷിച്ചു പോയ മംഗള എന്ന കടുവക്കുട്ടി ഇന്ന് കാടുകാണാനിറങ്ങും. പെരിയാർ ടൈഗർ റിസർവ്വ് സംരക്ഷണ ചുമതല ഏറ്റെടുത്ത മംഗളയെന്ന 10 മാസം പ്രായമുള്ള പെൺ കടുവക്കുട്ടിയെയാണ് വേട്ടയാടൽ പരിശീലനത്തിനായി ആദ്യമായി കാട്ടിലേക്കിറക്കുന്നത്. 2020 നവംബർ 21നാണ് മംഗള ദേവി വനമേഖലയിൽ നിന്നും 60 ദിവസം മാത്രം പ്രായമുള്ള കടുവക്കുട്ടിയെ വനംവകുപ്പ് കണ്ടെത്തുന്നത്.

കൈകാലുകൾ തളർന്ന് അവശനിലയിലായ കടുവക്കുട്ടിയെ തള്ളക്കടുവ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് വിദഗ്ധരുടെ നിഗമനം. തള്ളക്കടുവയ്‌ക്കു വേണ്ടി വനത്തിൽ ക്യാമറ സ്ഥാപിച്ചു തിരച്ചിൽ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചിരുന്നില്ല. അതിനാലാണ് മംഗളയെ വേട്ടയാടൽ വനംവകുപ്പ് തന്നെ പഠിപ്പിക്കുന്നത്. കാടുമായി ഇണങ്ങാൻ റീവൈൽഡിങ് എന്ന പരിശീലന രീതിയാണ് അവലംബിക്കുന്നത്.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

25 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള കൂട്ടിൽ ഇട്ടാണ് കടുവക്കുട്ടിയെ കാട്ടിലേക്ക് ഇറക്കുന്നത്. ജീവനുള്ള ഇരയെ കൂട്ടിലേക്കു തുറന്നുവിടും. കാട്ടിൽ വലിയ മരങ്ങളും ശുദ്ധജല സ്രോതസ്സുമുള്ള സ്ഥലത്താണ് കൂട് സ്ഥാപിക്കുക. കടുവക്കുട്ടിയെ മറ്റു മൃഗങ്ങൾ ആക്രമിക്കാതിരിക്കാൻ കൂടിനു ചുറ്റും 10,000 ചതുരശ്ര അടി വേലിയുണ്ട്. നീരീക്ഷണത്തിനായി ക്യാമറകളുണ്ട്. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ പരിശീലനം നൽകുന്നത്. 50 ലക്ഷം രൂപവരെയാണ് പരിശീലനത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. സ്വന്തമായി വേട്ടയാടാനും കാടിനോടു ചേർന്നുപോകാനുമുള്ള പരിശീലനം കഴിഞ്ഞാൽ മംഗളയെ പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിൽ തുറന്നുവിടും.