ഓണത്തിന് പഴകി പുഴുത്ത അരി കഴുകി വൃത്തിയാക്കി വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാൻ ശ്രമം

ഓണത്തിന് പഴകി പുഴുത്ത അരി കഴുകി വൃത്തിയാക്കി വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാൻ ശ്രമം

August 6, 2021 0 By Editor

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ പഴകി പുഴുത്ത അരി വൃത്തിയാക്കി വിതരണം ചെയ്യാൻ ശ്രമം. കൊട്ടാരക്കര സപ്ലൈകോ ​ഗോഡൗണിലാണ് സംഭവം.

സ്കൂൾ ഉച്ചഭക്ഷണ പരിപാടിക്കായി സൂക്ഷിച്ചുവച്ചിരുന്ന അരിയാണിതെന്നാണ് അധികൃതരുടെ വാദം. പഴകിയ അരി കീടനാശിനികൾ ഉൾപ്പെടെ ചേർത്തു വൃത്തിയാക്കുന്നതിനിടെ ബിജെപി പ്രവർത്തകർ ഗോ‍ഡൗൺ ഉപരോധിച്ചു തടഞ്ഞു.ബംഗാളികളും തമിഴ്നാട്ടുകാരും അടങ്ങുന്ന തൊഴിലാളികൾ അനവധി ചാക്കുകൾ വൃത്തിയാക്കിക്കഴിഞ്ഞു. അരി വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന കീടനാശിനികളുടെ കുപ്പികളും പിടിച്ചെടുത്തു. സിവിൽ സപ്ലൈസ് അധികൃതരുടെ അറിവോടെയാണ് പഴകിയ 2000 ചാക്ക് അരി വൃത്തിയാക്കാൻ കരാർ നൽകിയതെന്ന വിവരവും പുറത്തായി.

വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്നാണ് ആരോപണം.ഇത് ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. 2017ൽ എത്തിയ അരിയാണ് പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്. അതേസമയം അരി വൃത്തിയാക്കാൻ മാത്രമാണ് നിർദ്ദേശം നൽകിയതെന്നാണ് ജില്ലാ സപ്ലൈ ഓഫിസറുടെ വിശദീകരണം. വിതരണം ചെയ്യാനല്ല വൃത്തിയാക്കിയതെന്നും സപ്ലൈ ഓഫിസർ പറയുന്നു.