അന്ന് ശരീരഭാരത്തിന്റെ പേരിൽ ആക്ഷേപിക്കപെട്ട തടിയൻ ചെറുക്കൻ; ഇന്ന് അത്ലറ്റിക്സിൽ ആദ്യ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവായ ഇന്ത്യക്കാരൻ

അന്ന് ശരീരഭാരത്തിന്റെ പേരിൽ ആക്ഷേപിക്കപെട്ട തടിയൻ ചെറുക്കൻ; ഇന്ന് അത്ലറ്റിക്സിൽ ആദ്യ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവായ ഇന്ത്യക്കാരൻ

August 8, 2021 0 By Editor

ഹരിയാനയിലെ പാനിപ്പത്തിന് സമീപമുള്ള ഗാന്ദ്ര ജില്ലയിൽ ജനിച്ചു വളർന്ന ഒരു കുരുത്തംകെട്ട തടിയൻ ചെറുക്കൻ. ശരീരഭാരത്തിന്റെ പേരിൽ ആക്ഷേപിക്കപെട്ട ആ പതിനൊന്നു വയസ്സുകാരൻ ജിമ്മിലേക്കുള്ള യാത്രക്കിടെയാണ് ജാവലിൻ ത്രോ പരിശീലനങ്ങൾ കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ കമ്പം തോന്നിയ ആ കുട്ടി പിന്നീട് ശിവാജി സ്റ്റേഡിയത്തിലെ സ്ഥിരം ആളായി.

വൈകാതെ നീരജിലെ പ്രതിഭയെ ഹരിയാന ജാവലിൻ ത്രോ താരം ജയ്‌വീർ തിരിച്ചറിഞ്ഞു. അങ്ങനെ 14ആം വയസ്സിൽ പാഞ്ച്കുല സ്പോർട്സ് നഴ്സറിയിലൂടെ നീരജ് ജാവലിൻ ത്രോയിൽ പ്രൊഫഷണൽ പരിശീലനം ആരംഭിച്ചു. 2012ൽ, 15ആം വയസ്സിൽ നീരജ് ആദ്യ ദേശീയ ജൂനിയർ സ്വർണം നേടി. അന്ന് 68.46 മീറ്റർ ദൂരം താണ്ടി പുതിയ റെക്കോർഡും സ്ഥാപിച്ചു. രാജ്യാന്തര മീറ്റുകളിൽ മോശം പ്രകടനങ്ങൾ കാഴ്ച വച്ച് തുടങ്ങിയതോടെ നീരജ് വിദേശ പരിശീലകരുടെ സഹായം തേടി. 100 മീറ്റർ ദൂരം ജാവലിൻ പായിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച ഉവെ ഹോൺ അടക്കമുള്ളവർ നീരജിൻ്റെ ഗുരുക്കളായി.

2016 മുതല്‍ 2021 വരെ ഏഴ്‌ കോടി രൂപയാണ്‌ അദ്ദേഹത്തിന്‌ സര്‍ക്കാരില്‍ നിന്ന്‌ ലഭിച്ചത്‌. ഈ കടമാണ്‌ പൊന്ന്‌ സമ്മാനിച്ച്‌ അദ്ദേഹം വീട്ടിയത്‌

സാങ്കേതികമായി ഏറെ മുന്നേറിയ നീരജ് പിന്നീട് തുടർച്ചയായി റെക്കോർഡ് ഭേദിച്ച് സ്വർണം നേടാൻ തുടങ്ങി. ഇതിനിടെ 2016ൽ നീരജിന് സൈനികനായി ജോലി ലഭിച്ചു. ഇന്ത്യൻ സൈന്യത്തിൽ നായർ സുബേദാറാണ് നീരജ്. 2018 ഏഷ്യൻ, കോമൺവെൽത്ത് ഗെയിംസുകളിൽ സ്വർണം നേടിയ നീരജ് ജാവലിൻ ത്രോയിൽ ഒരു പുതിയ താരോദയമെന്ന വിളംബരം നടത്തി. കൈമുട്ടിനു പരുക്കേറ്റ് ശസ്ത്രക്രിയ വേണ്ടിവന്നതോടെ 2019ലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജിനു പങ്കെടുക്കാനായില്ല. 2020ൽ പരിശീലനം പുനരാരംഭിച്ചു. ഇന്ത്യൻ ഗ്രാൻഡ് പ്രീയിൽ 88.07 ദൂരം ജാവലിൻ എറിഞ്ഞ് ദേശീയ റെക്കോർഡ് സ്ഥാപിച്ചു.

ടോക്യോയിൽ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം നീരജ് ചോപ്ര കണ്ടെത്തിയതോടെ എതിരാളികള്‍ വിറച്ചു. ലോകചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമെല്ലാം ഇന്ത്യന്‍ താരത്തിന് മുന്നില്‍ മുട്ടുവിറച്ചുനിന്നു. രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ കൂടി കണ്ടതോടെ ചോപ്ര വിജയമുറപ്പിച്ചു. ഒളിമ്പിക് പോഡിയത്തില്‍ നിന്നും ഇന്ത്യന്‍ ദേശീയഗാനത്തിന്റെ അകമ്പടിയോടെ നീരജ് ചോപ്ര സ്വര്‍ണമെഡലില്‍ മുത്തമിടുമ്പോൾ അഭിമാനിക്കുന്നത് 130 കോടി ഭാരതീയരാണ്, ഒപ്പം നിറകണ്ണുകളോടെ ഈ സ്വര്ണത്തിലേക്ക് വഴി തെളിച്ച ഊവെ ഹോണ്‍ എന്ന ജാവലിൻ മാന്ത്രികനായ പരിശീലകനും.