സര്‍ക്കാര്‍ പാരിതോഷികം നല്‍കിയതില്‍ വലിയ സന്തോഷമെന്ന് പി.ആര്‍. ശ്രീജേഷ്
ടോക്യോ ഒളിംപിക്‌സിലെ നേട്ടത്തിന് സംസ്ഥാന സർക്കാർ പാരിതോഷികം നൽകിയതിൽ വലിയ സന്തോഷമെന്ന് ഒളിംപിക്‌സ് ഹോക്കി വെങ്കല മെഡൽ ജേതാവ് പി.ആർ. ശ്രീജേഷ്. 41 വർഷത്തിനു ശേഷം ഈ വെങ്കല മെഡലിന് അർഹിച്ച അംഗീകാരമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അർഹമായ സ്ഥാനക്കയറ്റമാണ് തനിക്ക് നൽകിയതെന്നും അദ്ദേഹം ശ്രീജേഷ് കൂട്ടിച്ചേർത്തു. തനിക്ക് നൽകിയ അംഗീകാരം ഒളിംപിക്‌സ് മെഡൽ നേടാൻ ആഗ്രഹിക്കുന്ന കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്നും ശ്രീജേഷ് പറഞ്ഞു. പാരിതോഷികം പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന് നന്ദിയും ശ്രീജേഷ് അറിയിച്ചു. കായികമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഫോണിൽ ബന്ധപ്പെട്ടാണ് പരിതോഷിക വിവരം അറിയിച്ചത്.
രണ്ടു കോടി രൂപയാണ് ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചത്. ഇതിനു പുറമേ വിദ്യാഭ്യാസ വകുപ്പിൽ ശ്രീജേഷിന് ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും സർക്കാർ തീരുമാനിച്ചു. നിലവിൽ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറാണ് ശ്രീജേഷ്. ഒളിംപിക്‌സിൽ പങ്കെടുത്ത മറ്റു എട്ട് മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ പ്രോത്സാഹന സമ്മാനവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് പി.ആർ ശ്രീജേഷടക്കമുള്ള താരങ്ങൾക്ക് പാരിതോഷികം നൽകാൻ തീരുമാനിച്ചത്. കായിക മന്ത്രി വി അബ്ദുറഹ്‌മാനാണ് സർക്കാർ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.