മരംമുറിക്കേസ് പ്രതികൾ ചോദ്യംചെയ്യലിനിടയിലും ഭീഷണിപ്പെടുത്തി; പരാതി നൽകി ഡിഎഫ് ഒ ധനേഷ്

തിരുവനന്തപുരം: മരംമുറിക്കേസിലെ പ്രതികളിൽ നിന്നും ഭീഷണിയുണ്ടെന്ന് ഡിഎഫ് ഒ ധനേഷ് കുമാർ പരാതി നൽകി. എഡിജിപി ശ്രീജിത്തിനാണ് പരാതി നൽകിയത്. ജയിലിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുമ്പോഴും പ്രതികൾ ഭീഷണി മുഴക്കിയെന്ന് ധനേഷ് പരാതിയിൽ ആരോപിക്കുന്നു. മരം മുറി അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗമായിരുന്നു ധനേഷ്.

അതിനിടെ മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ ടി സാജനെ സസ്പെൻഡ് ചെയ്യണമെന്ന വനംവകുപ്പ് ശുപാ‍ർശയിൽ ഒരുമാസമായിട്ടും നടപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ച ഫയൽ സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളിൽ കറങ്ങുകയാണ്. എട്ട് ദിവസം കൈവശം വച്ചതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, ഫയൽ വനംമന്ത്രിക്ക് തിരിച്ചയച്ചത്.

മരംമുറിക്കേസിലെ പ്രതികളും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും സാജനും ചേർന്ന് ഒരു സംഘമായി പ്രവർത്തിച്ചെന്നായിരുന്നു വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ട്. കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും ശ്രമിച്ച സാജനെതിരെ ഗൗരവമായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് സമർപ്പിച്ചത് ജൂൺ 29നായിരുന്നു. ശുപാർശ അംഗീകരിച്ച വനം വകുപ്പ് സസ്പെൻഡ് ചെയ്യാനാണ് ഫയലിൽ എഴുതിയതെന്നാണ് വിവരം. വനംമന്ത്രി ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകുന്നത് ജുലൈ 20ന്. എട്ട് ദിവസത്തിന് ശേഷം 28ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫയൽ വനം മന്ത്രിക്ക് തിരിച്ചയച്ചു. ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനുള്ള ഗൗരവമായ ശുപാർശകൾ റിപ്പോർട്ടിൽ ഇല്ലെന്നായിരുന്നു വിശദീകരണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story