റോഡിൽ ചതഞ്ഞരഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞില്ല;അപകട മരണത്തിന് സാധ്യതയെന്ന് വിദഗ്ധർ
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ അവിനാശി റോഡില്‍ സ്ത്രീയുടെ മൃതദേഹം ചതഞ്ഞരഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അപകട മരണത്തിനാണ് സാധ്യത കൂടുതലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പോലീസിനെ അറിയിച്ചു. കഴുത്ത് ഞെരിച്ചതിന്റെ പാടുകളോ കൊലപാതകത്തിനോ സാധ്യതയില്ലെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ വിലയിരുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചേ മുക്കാലോടെ കണ്ടെത്തിയ 60-65 പ്രായം തോന്നിക്കുന്ന സ്ത്രീയുടെ ശരീരമാണ് തിരിച്ചറിയാന്‍ സാധിക്കാത്തത്. പോലീസ് എത്തുമ്പോള്‍ അര്‍ദ്ധനഗ്‌നയും മുഖം വികൃതമായ രീതിയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
അവിനാശി റോഡില്‍ ചിന്നിയാംപാളയത്ത് പോലീസ് ചെക്ക് പോസ്റ്റിന് 100 മീറ്റര്‍ മുമ്പായാണ് മൃതദേഹം കണ്ടെത്തിയത്. കണിയൂര്‍ ടോള്‍പ്ലാസയില്‍ നിന്നും വിമാനത്താവളം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മൃതദേഹം വലിച്ചിഴച്ച ആഡംബര വാഹനം വിമാനത്താവളത്തിലേക്ക് പോകുന്നത് കണ്ടെത്തിയിരുന്നു. തിരുവള്ളുവര്‍ ജില്ലാ രജിസ്‌ട്രേഷനുള്ള വാഹനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് തിരുവള്ളുവര്‍ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. സിട്രാ സിഗ്‌നലില്‍ നിന്നും തിരിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ വിമാനത്താവളത്തിലേക്ക് കടക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്.
മൃതദേഹം കണ്ട വേഗത കുറച്ച് കടന്നുപോയ ഓട്ടോറിക്ഷയെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് അടുത്തു നിന്നു തന്നെ ഇവര്‍ ധരിച്ചിരുന്ന സാരിയും മറ്റും കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് സിറ്റി ലോ ആന്‍ഡ് ഓര്‍ഡര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ടി. ജയചന്ദ്രന്‍ പറഞ്ഞു. കാണാതായ സ്ത്രീകളെ കുറിച്ചുള്ള വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം നിലവില്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.