മമ്മൂട്ടിക്ക് ജന്മനാടിന്റെ പിറന്നാൾ സമ്മാനം; ചെമ്പിലെ റോഡ് ഇനി മമ്മൂട്ടിയുടെ പേരിൽ അറിയപ്പെടും

മമ്മൂട്ടിക്ക് ജന്മനാടിന്റെ പിറന്നാൾ സമ്മാനം; ചെമ്പിലെ റോഡ് ഇനി മമ്മൂട്ടിയുടെ പേരിൽ അറിയപ്പെടും

September 9, 2021 0 By Editor

എഴുപതാം പിറന്നാൾ ആഘോഷിച്ച മഹാനടന് ജന്മനാടിന്റെ പിറന്നാൾ സമ്മാനം. വൈക്കം ചെമ്പിലെ പാണപറമ്പിൽ തറവാട്ട് വീട്ടിലേക്കുള്ള വഴി ഇനി പത്മശ്രീ ഭരത് മമ്മൂട്ടിയുടെ പേരിൽ അറിയപ്പെടും. മമ്മൂട്ടിയുടെ ജന്മ ദിനമായ സെപ്റ്റംബർ 7നാണ് ചെമ്പ് പഞ്ചായത്ത് റോഡിന് മമ്മൂട്ടിയുടെ പേര് നൽകാൻ തീരുമാനിച്ചത്. ഒന്നര കിലോമീറ്ററോളം വരുന്ന റോഡിൽ മനോഹരമായ ഒരു പ്രവേശന കവാടവും നിർമിക്കും. പ്രവേശന കവാടത്തിലാണ് ‘മമ്മൂട്ടി’ എന്ന പേര് ആലേഖനം ചെയ്യുക. ‘പത്മശ്രീ ഭരത് മമ്മൂട്ടി റോഡ്’ എന്നാണ് നാമകരണം ചെയ്യുക.

മമ്മൂട്ടി സ്കൂൾ കാലം മുതൽ സിനിമാ ജീവിതത്തിൻ്റെ ആരംഭം വരെ യാത്ര ചെയ്തിരുന്ന റോഡാണ് ചെമ്പ് മുസ്ലിം പള്ളി കാട്ടാമ്പള്ളി റോഡ് എന്നറിയപ്പെടുന്ന ഈ വഴി. പണ്ട് മൺ വഴിയായിരുന്ന റോഡ് ഇപ്പോൾ ടാർ റോഡാണ്. മീറ്റർ വീതിയുള്ള ഈ റോഡ് ചെന്നുചേരുന്നത് മമ്മൂട്ടിയുടെ തറവാട് വീടായ പാണപറമ്പിൽ വീട്ടിലേക്കാണ്. മമ്മൂട്ടിയുടെ ജന്മവീട് ഇപ്പോഴില്ല. ചെമ്പ് അങ്ങാടിക്കും മുറിഞ്ഞപ്പുഴ പാലത്തിനും നടുക്കായി മുസ്ലിം പള്ളിക്ക് സമീപത്തു നിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്.