എവിടെ ഇവിടത്തെ ഭരണാധികാരികൾ ; രവി പിള്ളയുടെ മകന്റെ വിവാഹത്തിലെ  കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ” ഇടപെട്ട്  ഹൈക്കോടതി

എവിടെ ഇവിടത്തെ ഭരണാധികാരികൾ ; രവി പിള്ളയുടെ മകന്റെ വിവാഹത്തിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ” ഇടപെട്ട് ഹൈക്കോടതി

September 9, 2021 0 By Editor

ഗുരുവായൂർ: പ്രമുഖ വ്യവസായി രവി പിള‌ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടപന്തലിൽ അലങ്കാരങ്ങൾ നടത്തിയതിനെതിരെ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. നടപന്തലിൽ സ്ഥാപിച്ച ഭീമൻ കട്ടൗട്ടുകളും ബോർ‌ഡുകളും ചെടികളുമുൾപ്പടെ അലങ്കാരങ്ങളുടെ ദൃശ്യങ്ങൾ സമൂഗൃഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കോടതി സ്വമേധയാ ഇടപെട്ടത്.

എന്ത് സാഹചര്യത്തിലാണ് ക്ഷേത്ര ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. തിങ്കളാഴ്‌ചയ്‌ക്ക് മുൻപ് ഇക്കാര്യത്തിൽ സത്യവാങ്‌മൂലം സമർപ്പിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടക്കുന്നതെന്ന് ചോദിച്ച കോടതി ഇക്കാര്യം അഡ്മിനിസ്‌ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും പറഞ്ഞു. തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി കിട്ടിയിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തൂണുകള്‍ വരെ അലങ്കരിക്കാന്‍ അനുവാദം നല്‍കിക്കൊണ്ടാണ് ആയിരത്തിലേറെ ആളുകളെ ക്ഷണിച്ച ഈ വിവാഹം കോവിഡ് കാലത്ത് നടത്തുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. സര്‍ക്കാര്‍ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് കാണിച്ച് ഗുരുവായൂര്‍ ക്ഷേത്രരക്ഷാ സമിതി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്.