നടന്‍ റിസബാവ അന്തരിച്ചു

നടന്‍ റിസബാവ അന്തരിച്ചു

September 13, 2021 0 By Editor

കൊച്ചി: വില്ലന്‍ കഥാപാത്രങ്ങളിലുടെ ഏറെ ശ്രദ്ധ നേടിയ ചലച്ചിത്ര താരം റിസബാവ അന്തരിച്ചു.55 വയസായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. വൃക്കരോഗബാധിതനായ റിസബാബ ദീര്‍ഘ നാളായി ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഈ മാസം എട്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വൃക്ക രോഗത്തിനൊപ്പം പ്രമേഹവും റിസബാവയെ ബാധിച്ചിരുന്നു.ഇന്ന് വൈകുന്നേരം 3.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

150 ലധികം സിനിമകളിലും 20 ലധികം ടി വി സീരിയലുകളിലും വേഷമിട്ടുണ്ട്. 1966 ല്‍ സെപ്തംബര്‍ 21 ന് കൊച്ചി തോപ്പുംപടിയിലായിരുന്നു റിസബാവയുടെ ജനനം.നാടക വേദിയിലൂടെയായിരുന്നു കലാരംഗത്തേയക്കുള്ള റിസബാവയുടെ പ്രവേശനം.1984 ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് സിനിമാ അഭിനയ രംഗത്തേയ്ക്ക് പ്രവേശിച്ചത്.

എന്നാല്‍ ഈ സിനിമ റിലീസ് ചെയ്തിരുന്നില്ല.1990ല്‍ ഡോ.പശുപതി എന്ന ചിത്രമാണ് റിസബാവയുടെ പുറത്തു വന്ന ആദ്യ ചിത്രം. 1990ല്‍ തന്നെ റിലീസായ സിദ്ധീഖ് ലാല്‍ ടീമിന്റെ ഇന്‍ഹരിഹര്‍ നഗര്‍ എന്ന സിനിമയാണ് റിസബാവയ്ക്ക് പ്രേക്ഷക മനസില്‍ ഇടം നല്‍കിയത്.ഇതിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രം പ്രക്ഷേക ഹൃദയത്തില്‍ ഇടം നേടിയിരുന്നു.പിന്നീട് നിരവധി സിനിമകളിലും വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ റിസബാവ നിരവധി ടെലിവിഷന്‍ പരമ്ബരകളിലും വേഷമിട്ടു.

സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും റിസബാവ തിളങ്ങിയിരുന്നു. കളിമണ്ണ്,കര്‍മ്മയോഗി,ദി ഹിറ്റ് ലിസ്റ്റ്,പ്രണയം എന്നീ സിനമകളില്‍ റിസബാബ ഡബ്ബ് ചെയ്തിരുന്നു.ഡബ്ബിംഗിംന് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും റിസബാവ നേടിയിട്ടുണ്ട്.പോക്കിരി രാജ,അനിയന്‍ ബാബ ചേട്ടന്‍ ബാബ അടക്കം നിരവധി ഹിറ്റ് സിനിമകളില്‍ റിസബാവ തിളങ്ങിയിരുന്നു.ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഏതാനും നാളുകളായി സിനിമയില്‍ റിസബാവ സജീവമായിരുന്നില്ല.മമ്മൂട്ടി നായകനായ വണ്‍ ആണ് റിസബാവയുടെ പുറത്തിറങ്ങിയ അവസാന ചിത്രം