ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എസ്പി നിര്‍ദേശിച്ചിട്ടില്ലായിരുന്നു: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എ.വി.ജോര്‍ജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ എസ്പിയുടെ പങ്ക് വെളിപ്പെട്ടിട്ടില്ലെന്നും ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വരാപ്പുഴ, വിദേശവനിതയുടെ കൊലപാതകം എന്നീ വിഷയങ്ങളില്‍ മനുഷ്യാവകാശ കമ്മിഷന്‍ അധികാരപരിധി കടന്ന് അഭിപ്രായം നടത്തിയതിനെയും മുഖ്യമന്ത്രി നിയമസഭയില്‍ വിമര്‍ശിച്ചു.

കേസില്‍ മുന്‍ റൂറല്‍ എസ്പി. എ.വി. ജോര്‍ജിനെയും ആലുവ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രനെയും പ്രതിയാക്കില്ലെന്ന സൂചന പുറത്തുവന്നതിനു പിന്നാലെയാണു മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇതോടെ നിലവില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരില്‍ അന്വേഷണം അവസാനിക്കും. അതേസമയം മേല്‍നോട്ടത്തിലും കൃത്യനിര്‍വഹണത്തിലും ഗുരുതര വീഴ്ച വരുത്തിയ പ്രഭുല്ലചന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തല്‍സ്ഥാനത്തുനിന്നു മാറ്റാനും ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി.

കേസില്‍ ജോര്‍ജിനെ പ്രതിയാക്കണോ എന്ന കാര്യത്തില്‍ അന്വേഷണസംഘം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോടു നിയമോപദേശം തേടിയെങ്കിലും രണ്ടാഴ്ചയായിട്ടും അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന എ.വി. ജോര്‍ജിനെ പ്രത്യേക അന്വേഷണസംഘം മൂന്നുവട്ടം ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ശ്രീജിത്തിനെ പിടിച്ച വിവരം വയര്‍ലെസ് സെറ്റിലൂടെ അറിഞ്ഞപ്പോള്‍ എസ്പി ‘വെരി ഗുഡ്’ എന്നു പ്രശംസിക്കുകയും കേസിലുള്‍പ്പെട്ട പൊലീസുകാരെ ന്യായീകരിക്കുകയും ചെയ്തിരുന്നു.

ഇദ്ദേഹം നിയമവിരുദ്ധമായി രൂപീകരിച്ച ‘ടൈഗര്‍ ഫോഴ്‌സ്’ പൊലീസ് സംഘമാണു ശ്രീജിത്തിനെ പിടിച്ചത്. എന്നാല്‍ അന്വേഷണം നടത്താതെ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജോര്‍ജിനെ അറസ്റ്റ് ചെയ്തു സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാനുള്ള തീരുമാനവുമായാണു മൂന്നാമതു വിളിച്ചു വരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *