കോവിഡിന് സമാനമായ വൈറസ് രോഗം ആര്‍എസ്‌വി കോഴിക്കോട്ട്: 24 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

കോവിഡിന് സമാനമായ വൈറസ് രോഗം ആര്‍എസ്‌വി കോഴിക്കോട്ട്: 24 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

October 29, 2021 0 By Editor

കോഴിക്കോട്: കോവിഡിന് സമാനമായ ലക്ഷണങ്ങളുള്ള വൈറസ് രോഗമായ ആര്‍എസ്‌വി (റെസ്പിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) കോഴിക്കോട്ട് സ്ഥിരീകരിക്കപ്പെട്ടതോടെ ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി. രോഗികളുടെ നിലവിലെ സ്ഥിതിയും തുടര്‍ സാഹചര്യവും വിലയിരുത്തുകയാണ് ആരോഗ്യ വകുപ്പ്. രോഗം കൂടുതലായി കാണുന്ന സാഹചര്യത്തില്‍ പട്ടിക പരിശോധിച്ച്‌ പ്രാദേശികമായ കാരണങ്ങളുണ്ടോയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ് അധികൃതര്‍ വിശകലനം ചെയ്യും. ഇതിന് ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞുങ്ങളിലാണ് ആര്‍എസ്‌വി ലക്ഷണങ്ങള്‍. നാലു മാസത്തിനിടെ പരിശോധന നടത്തിയ 55 കുട്ടികളില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് വിവരം സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചത്. നിലവില്‍ നാലുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗബാധയെത്തുടര്‍ന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സതേടിയ കുഞ്ഞുങ്ങളില്‍ ആറുപേര്‍ക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കേണ്ടിവന്നു.

18 മാസത്തില്‍ താഴെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗം പ്രകടമാവുന്നത്. താരതമ്യേന പുതിയ വൈറസ് രോഗമാണിത്. ശ്വാസതടസ്സം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയുടെ ലക്ഷണങ്ങളും പ്രകടമാവും. മഴക്കാലത്തും തണുപ്പുള്ള കാലാവസ്ഥയിലുമാണ് കൂടുതലായി കാണുന്നത്.

ലോകത്ത് പ്രതിവര്‍ഷം 1,60,000 കുട്ടികള്‍ ഈ രോഗം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. അതിവേഗം പകരുന്ന രോഗമായതിനാല്‍ ഐസൊലേഷന്‍ വേണ്ടിവരും. ഒന്നോ രണ്ടോ ആഴ്ചകൊണ്ട് രോഗം മാറാറുണ്ട്. ആന്റിജന്‍ ടെസ്റ്റ്, മോളിക്യുലര്‍ ടെസ്റ്റിങ്, വൈറല്‍ കള്‍ച്ചര്‍ തുടങ്ങിയവയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. റാപ്പിഡ് ടെസ്റ്റുമുണ്ട്. ഈ രോഗത്തിന് രണ്ട് അംഗീകൃത മരുന്നുകളുണ്ട്. രോഗം സങ്കീര്‍ണമായാല്‍ ചികിത്സച്ചെലവ് ഏറും. ആന്റിബയോട്ടിക് ചികിത്സ ഫലപ്രദമല്ല. ഒരിക്കല്‍ രോഗംവന്ന കുട്ടികള്‍ക്ക് വീണ്ടും രോഗം വരുന്നതായും രണ്ടാമത് വരുമ്പോള്‍ ശക്തി കുറയുന്നതായും കണ്ട് വരുന്നു.