മുല്ലപ്പെരിയാര്‍: ജലനിരപ്പ് 141 അടിയായി; അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു
ഇടുക്കി:ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. 772 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുക. അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയിരുന്നു. രാവിലെ എട്ടുമണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്.
വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ട് ഷട്ടറും തുറക്കും. പത്തുമണിയോടെയാകും ഇത്. ഒരു ഷട്ടറാകും തുറക്കുക. ഇന്നലെ രാത്രി കല്ലാര്‍ അണക്കെട്ടും തുറന്നിരുന്നു. നിലവില്‍ മഴ മാറിനില്‍ക്കുകയാണെങ്കിലും ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്നലെ രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. രാത്രി 12 മണിവരെയും തുടര്‍ച്ചയായി മഴ പെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മുല്ലപ്പെരിയാറിലെയും ഇടുക്കിയിലെയും ജലനിരപ്പ് വര്‍ധിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ അപ്പര്‍ റൂള്‍ കര്‍വായ 141 അടിയിലേക്ക് എത്തിക്കഴിഞ്ഞു. നവംബര്‍ 20 വരെയാണ് ഈ അപ്പര്‍ റൂള്‍ കര്‍വുള്ളത്. അതിനു ശേഷം അപ്പര്‍ റൂള്‍ കര്‍വ് 142 അടിയാകും. അപ്പര്‍ റൂള്‍ കര്‍വായ 141 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യം തമിഴ്‌നാട് അറിയിച്ചത്. ഇക്കാര്യം തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി കേരള സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29-നാണ് ഒടുവില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്.