അവശ്യസാധനങ്ങൾക്ക് തീ വില; ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

അവശ്യസാധനങ്ങൾക്ക് തീ വില; ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ

November 19, 2021 0 By Editor

തിരുവനന്തപുരം : റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്ന ഭക്ഷ്യകിറ്റുകൾ പൂർണമായും നിർത്തലാക്കാൻ സംസ്ഥാന സർക്കാർ. ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് ഇനി കിറ്റുവിതരണം ഉണ്ടാകില്ലെന്ന സൂചന നൽകിയത്. സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് കിറ്റുകൾ നിർത്തലാക്കാനുള്ള ആലോചന.

പരോക്ഷമായായിരുന്നു കിറ്റു വിതരണം അവസാനിപ്പിക്കുന്നകാര്യം മന്ത്രി അറിയിച്ചത്. നിർത്തിവെച്ച കിറ്റുവിതരണം വീണ്ടും ആരംഭിക്കുമോ എന്ന തരത്തിൽ പൊതുജനങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. കിറ്റ് വിതരണം വീണ്ടും ആരംഭിക്കില്ല. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾളുടെ വരുമാനമാർഗ്ഗം നിലച്ചതോടെയാണ് സർക്കാർ ഭക്ഷ്യകിറ്റുകൾ നൽകിയത്. വരും മാസങ്ങളിൽ ഇക്കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ല. നിലവിൽ കൺസ്യൂമർഫെഡുവഴിയും സപ്ലൈകോവഴിയും ആളുകൾക്ക് ന്യായമായ വിലയിൽ അവശ്യസാധനങ്ങൾ ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ആറ് വർഷമായി 13 നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോയിൽ വില വർദ്ധിച്ചിട്ടില്ല. രാജ്യത്തെ വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തുന്നുണ്ട് . കൊറോണ കാലത്തേതുപോലെ രൂക്ഷമായ സാഹചര്യം നിലവിൽ ഇല്ല . പ്രളയ കാലത്തും മഴ കെടുതിയിലും സർക്കാർ സൗജന്യമായി കിറ്റ് നൽകിയിട്ടുണ്ടെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ ഔദ്യോഗികമായി തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പിണറായി സർക്കാരിന്റെ തുടർഭരണത്തിനിടയാക്കിയ കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭക്ഷ്യകിറ്റ്. എന്നാൽ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ കിറ്റ് നിർത്തലാക്കുന്നതായുള്ള സൂചനകൾ സർക്കാർ പുറത്തുവിട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കിറ്റുകൾ നിർത്തലാക്കുന്നതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം