കനത്ത മഴ: ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം; ഇന്ന് ഭക്തര്‍ക്ക് പ്രവേശനമില്ല
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ശബരിമലയിലേക്കും പമ്പയിലേക്കും നിലയ്ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിടില്ല. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് കളക്ടറുടെ ഉത്തരവ്. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് കളക്ടര്‍ അറിയിച്ചു.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് ഏറ്റവും അടുത്ത അവസരം നല്‍കും. ഇന്നലെ വൈകീട്ട് പമ്പാ മണല്‍പ്പരപ്പിലേക്ക് വെള്ളം കയറിയിരുന്നു. അതേസമയം ശബരിമല വനമേഖലയില്‍ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമല തീര്‍ത്ഥാടനത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നത് ഇത് ആദ്യമായിട്ടാണ്. ഇന്നലെ രാത്രി 11:40-ഓടെയാണ് നിരോധനം ഏര്‍പ്പെടുത്തി കളക്ടറുടെ ഉത്തരവ് വന്നത്.
ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ വെര്‍ച്വല്‍ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. അവരവരുടെ ഇടങ്ങളില്‍ നിന്നുമുള്ള യാത്ര ഇന്ന് ഒഴിവാക്കിക്കൊണ്ട് തീര്‍ത്ഥാടകര്‍ സഹകരിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു' ജില്ലാ കളക്ടര്‍ ദിവ്യാ എസ് അയ്യര്‍ അറിയിച്ചു.