
പാനമ പേപ്പർ വെളിപ്പെടുത്തൽ: ഐശ്വര്യ റായിയെ ഇ.ഡി. അഞ്ചുമണിക്കൂർ ചോദ്യം ചെയ്തു; വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന
December 21, 2021മുംബൈ:ബോളിവുഡ് നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന് സൂചന.താരം കഴിഞ്ഞ 15 വർഷങ്ങളിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്.
പാനമ പേപ്പർ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. ജാംനഗർ ഹൗസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. 1999-ലെ വിദേശനാണ്യ വിനിമയ നിയന്ത്രണ നിയമത്തിന് വിരുദ്ധമായി വിദേശത്ത് വൻതോതിൽ നിക്ഷേപം നടത്തി എന്ന ആരോപണത്തിലാണ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് വെർജിൻ ദ്വീപിലെ ഒരു കമ്പനിയിൽ ഐശ്വര്യക്ക് വൻനിക്ഷേപമുണ്ടെന്നാണ് പാനമ പേപ്പേഴ്സ് പുറത്തുവിട്ടത്.
ബോളിവുഡ് നടൻ അഭിഷേക് ബച്ചന്റെ ഭാര്യയായ ഐശ്വര്യ ചോദ്യംചെയ്യലിന് ഹാജരാവാനാവശ്യപ്പെട്ട് ഇ.ഡി. രണ്ടുതവണ സമൻസ് അയച്ചിരുന്നു. എന്നാൽ, അവർ കൂടുതൽസമയം ആവശ്യപ്പെട്ടതോടെ മാറ്റിവെക്കുകയായിരുന്നു. വിദേശനാണ്യ വിനിമയ ചട്ടലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളിൽ 2017-ലാണ് ഇ.ഡി. അന്വേഷണം തുടങ്ങിയത്. തുടർന്ന് 2004 മുതലുള്ള വിദേശ നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബച്ചൻ കുടുംബത്തിന് നോട്ടീസ് നൽകിയിരുന്നു. 15 കൊല്ലത്തിനിടെ ലഭിച്ച വിദേശവരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഐശ്വര്യ ഇതിനകം ഹാജരാക്കിയെന്നാണ് വിവരം.