മമ്മൂട്ടിയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മമ്മൂട്ടിയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

December 22, 2021 0 By Editor

ചെന്നൈ: നടന്മാരായ മമ്മൂട്ടിയുടെയും മകൻ ദുൽഖർ സൽമാന്റെയും ഉടമസ്ഥതയിലുള്ള ചെന്നൈയ്ക്കടുത്തുള്ള ചെങ്കൽപ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്‌നാട് ലാൻഡ് അഡ്മിനിസ്‌ട്രേഷൻ കമ്മിഷന്റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെങ്കൽപ്പെട്ടിലെ കറുപ്പഴിപ്പള്ളം എന്ന സ്ഥലത്ത് 40 ഏക്കർ സ്ഥലമാണ് മമ്മൂട്ടിക്കും ദുൽഖറിനുമുള്ളത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

1997-ൽ കപാലി പിള്ള എന്നയാളിൽനിന്നാണ് സ്ഥലം വാങ്ങിയത്. 2007-ലാണ് ലാൻഡ് അഡ്മിനിസ്‌ട്രേഷൻ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ചത്. ഉത്തരവിനെതിരേ അതേവർഷം മദ്രാസ് ഹൈക്കോടതിയിൽനിന്ന് മമ്മൂട്ടി അനുകൂല വിധിയും നേടിയിരുന്നു. എന്നാൽ, ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 2020 മേയ് മാസത്തിൽ കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിട്രേഷൻ നീക്കം തുടങ്ങിയതോടെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

ഈ വർഷം ഓഗസ്റ്റിൽ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്‌ട്രേഷന് നിർദേശം നൽകി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണനയ്ക്ക് വന്നപ്പോഴാണ് ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂർണമായി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് ഇളന്തിരിയൻ ഉത്തരവിട്ടത്. കേസ് ചൊവ്വാഴ്ച വാദം കേട്ടപ്പോൾ ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ നടപടി ശരിവെച്ചുകൊണ്ട് സർക്കാർ അഭിഭാഷകൻ വാദിച്ചു. സ്വകാര്യസ്ഥലമാണ് മമ്മൂട്ടിയും ദുൽഖറും വാങ്ങിയതെന്ന് അവർക്കുവേണ്ടി ഹാജരായ അഭിഭാഷകനും വാദിച്ചു.തുടർന്നാണ് ജസ്റ്റിസ് ലാൻഡ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവ് പൂർണമായും റദ്ദാക്കി ഉത്തരവിട്ടത്. അതേസമയം, മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വിശദീകരണം കേട്ട് കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്‌ട്രേഷന് 12 ആഴ്ചയ്ക്കുള്ളിൽ പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി.