അമ്പലവയൽ  കൊലപാതകം: അറസ്റ്റിലായവർ മാത്രമാണ് പ്രതികളെന്ന് പോലീസ്

അമ്പലവയൽ കൊലപാതകം: അറസ്റ്റിലായവർ മാത്രമാണ് പ്രതികളെന്ന് പോലീസ്

December 30, 2021 0 By Editor

അമ്പലവയല്‍: ആയിരംകൊല്ലിയില്‍ മുഹമ്മദിനെ (68) കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായവര്‍ മാത്രമാണ് പ്രതികളെന്ന് പോലീസ്. കൊലപാതകം ആസൂത്രിതമല്ലെന്നും പോലീസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും അവരുടെ മാതാവിനെയും പോലീസ് കൊലനടന്ന വീട്ടിലും പരിസരത്തുമെത്തിച്ച് തെളിവെടുത്തു. ആദ്യം മാതാവിനെയും പിന്നാലെ പെണ്‍കുട്ടികളെയുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. കൊലപാതകത്തിനുപയോഗിച്ച കോടാലിയും വെട്ടുകത്തിയും സംഭവസമയം ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു. അടുക്കളയില്‍ ഒളിപ്പിച്ചിരുന്ന കോടാലിയും വെട്ടുകത്തിയും മാതാവാണ് പോലീസിന് എടുത്തുനല്‍കിയത്. ചാക്കില്‍ക്കെട്ടിയ മൃതദേഹം വീടിനുസമീപത്തെ പറമ്പിലെ കുഴിയിലേക്ക് തങ്ങള്‍ മൂന്നുപേരും ചേര്‍ന്നാണ് വലിച്ചുകൊണ്ടുപോയതെന്നും ഇവര്‍ മൊഴിനല്‍കി. സംഭവം നടന്നയുടനെ വെള്ളമൊഴിച്ചും മണ്ണുവാരിയിട്ടും നിലത്തെ രക്തം കഴുകിക്കളഞ്ഞെന്നും അവര്‍ പോലീസിനോടു പറഞ്ഞു. മ്യൂസിയത്തിനുസമീപം ഉപേക്ഷിച്ച മൊബൈല്‍ ഫോണ്‍ കുട്ടികള്‍തന്നെ കണ്ടെത്തി നല്‍കുകയുംചെയ്തു.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. സംഭവംനടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് വിവരം പുറംലോകമറിയുന്നത്. മുഹമ്മദ് മാതാവിനെ മര്‍ദിക്കുന്നത് തടയാന്‍ നടത്തിയ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കോടാലികൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വലതുകാല്‍ മുട്ടിനുതാഴെ മുറിച്ചുമാറ്റിയെങ്കിലും പരിഭ്രമിച്ചുപോയതിനാല്‍ ശ്രമം പൂര്‍ത്തിയാക്കാനായില്ല. ശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി പറമ്പിലെ കുഴിയില്‍ തള്ളുകയും വലതുകാല്‍ അമ്പലവയല്‍ ടൗണിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ വലിച്ചെറിയുകയും ചെയ്തു. കാല്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോയ സ്‌കൂള്‍ബാഗ് കുട്ടികള്‍ തെളിവെടുപ്പിനിടെ പോലീസിനു നല്‍കി.

കൊല്ലപ്പെട്ട മുഹമ്മദ് പെണ്‍കുട്ടികളുടെ മാതാവിനെ ഇതിനുമുമ്പും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മാതാവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കും.