'പാര്‍ട്ടി ഓഫീസിനെ തൊടാന്‍ ഒരു പുല്ലനേയും അനുവദിക്കില്ല'; എംഎം മണി
മൂന്നാര്‍: രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ മുന്‍ മന്ത്രി എംഎം മണി രംഗത്ത്.പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയങ്ങളാണിത്. ഇ കെ നായനാര്‍ സര്‍ക്കാര്‍ നിയമപരമായി പട്ടയങ്ങള്‍ വിതരണം ചെയ്തതാണിത്. റവന്യൂമന്ത്രിയായിരുന്ന ഇസ്മായില്‍ നേരിട്ടെത്തി പട്ടയമേള നടത്തിയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്. എ കെ മണി എംഎല്‍എ അധ്യക്ഷനായ സമിതി പാസ്സാക്കിയത് അനുസരിച്ചാണ് പട്ടയം നല്‍കിയത്.
പട്ടയം റദ്ദാക്കിയതില്‍ നിയമവശങ്ങള്‍ അടക്കം പരിശോധിക്കേണ്ടതുണ്ട്. പട്ടയം കിട്ടുന്നതിന് മുമ്പു തന്നെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതാണ്. നേരത്തെ ഓഫീസ് മാറിയെന്ന് മാത്രം. പുതുതായി പണിതു. അവിടെ വന്നൊന്നും ചെയ്യാന്‍ ആരെയും അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് മണി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
അഡീഷണല്‍ തഹസില്‍ദാരായിരുന്ന രവീന്ദ്രനെ അന്ന് ജില്ലാ കളക്ടറാണ് ചുമതലപ്പെടുത്തിയത്. മേള നടത്തി കൊടുത്ത പട്ടയം റദ്ദാക്കാനുള്ള കാരണം എന്താണെന്ന് റവന്യൂ മന്ത്രിയോടും റവന്യൂ വകുപ്പിനോടും ചോദിക്കണം. ആളുകള്‍ എതിര്‍പ്പുമായി തെരുവിലേക്കിറങ്ങും. വേറെ കാര്യമൊന്നുമില്ല. ആളുകള്‍ എന്താണെന്ന് വെച്ചാല്‍ ചെയ്‌തോട്ടെ. ഈ ഉത്തരവ് ആരെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യുമല്ലോ എന്നും എംഎം മണി ചോദിച്ചു. പട്ടയം കിട്ടിയപ്പോള്‍ സിപിഎം ഓഫീസ് ഉണ്ടാക്കിയതല്ല, അതിന് മുമ്ബും പാര്‍ട്ടിക്ക് അവിടെ ഓഫീസുണ്ട്. പതിറ്റാണ്ടുകളായി ഓഫീസ് പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി ഓഫീസിന്മേല്‍ തൊടാന്‍ ഒരു പുല്ലനേയും അനുവദിക്കില്ല. അതൊന്നും വലിയ കേസല്ല. അവിടെയൊന്നും ആരും തൊടാന്‍ വരില്ല. റദ്ദാക്കിയെന്ന് പറഞ്ഞ് അതെല്ലാം പിടിച്ചെടുക്കുമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല. അതിന്റെ നിയമവശങ്ങള്‍ നോക്കട്ടെയെന്നും എംഎം മണി പറഞ്ഞു.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായത് ഈ പട്ടയവുമായി ബന്ധപ്പെട്ടല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിഎസിന്റെ കാലത്ത് അദ്ദേഹം ചുമതലപ്പെടുത്തിയ ചില ഉദ്യോഗസ്ഥര്‍ തോന്ന്യാസം കാണിച്ചതിനെത്തുടര്‍ന്നാണ് വിവാദം ഉണ്ടായതെന്ന് മണി പറഞ്ഞു.