നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ പരിശോധന വേണ്ട; മാനദണ്ഡം പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ കോവിഡ് രോഗതീവ്രത അനുസരിച്ചാണ് ഡിസ്ചാര്‍ജ് പോളിസി പുതുക്കിയത്.

നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗലക്ഷണങ്ങളുള്ള രോഗികള്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് മുതലോ, ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ കോവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം. അതോടൊപ്പം മൂന്ന് ദിവസം തുടര്‍ച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താല്‍ ഗൃഹനിരീക്ഷണം അവസാനിപ്പിക്കാം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില്‍ വീട്ടില്‍ റൂം ഐസൊലേഷനായോ സി.എഫ്.എല്‍.റ്റി.സി.യിലേക്കോ സി.എസ്.എല്‍.റ്റി.സി.യിലേക്കോ ഡിസ്ചാര്‍ജ്ജ് ചെയ്യാം.

ഗുരുതര രോഗം, എച്ച്.ഐ.വി പോസിറ്റീവ്, അവയവം സ്വീകരിച്ചവര്‍, കാന്‍സര്‍ രോഗികള്‍, ഇമ്മ്യൂണോ സപ്രസന്റ്സ് ഉപയോഗിക്കുന്നവര്‍, ഗുരുതര വൃക്ക, കരള്‍ രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ രോഗലക്ഷണങ്ങള്‍ തുടങ്ങിയതിനു ശേഷം പതിനാലാം ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാല്‍ ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസ്സം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.

എല്ലാ വിഭാഗത്തിലുമുള്ള ആളുകളും ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം അടുത്ത ഏഴ് ദിവസത്തേക്കു കൂടി എന്‍ 95 മാസ്‌ക് ധരിക്കുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം. 20 ദിവസങ്ങള്‍ക്കു ശേഷവും ആന്റിജന്‍ പരിശോധന പോസിറ്റീവ് ആയി തുടരുന്ന രോഗികളുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി നല്‍കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story