ഹിജാബ് നിരോധന വിഷയത്തിൽ ഇന്ന് നിർണായക ദിനം; ഹൈക്കോടതിയുടെ വിശാല ബെഞ്ച് വാദം കേൾക്കും; സംഘർഷത്തിന് പിന്നിൽ കോൺഗ്രസിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും തന്ത്രമാണെന്ന വാദത്തിൽ ഉറച്ച് സർക്കാർ
ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരായ ഹർജികളിൽ ഇന്ന് നിർണായക ദിനം. വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേൾക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മതവിശ്വാസത്തിൻറെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നാണ് ഹർജിക്കാർ വാദിക്കുന്നത്.
കർണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥിനികളാണ് വിഷയവുമായി ബന്ധപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. എന്നാൽ ഹിജാബ് സ്കൂൾ യൂണിഫോമിൻറെ ഭാഗമല്ല എന്ന നിലപാടിലാണ് സർക്കാർ. ഹീജാബ്ന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങൾ കണക്കിലെടുത്ത് ശിവമൊഗ്ഗയിലും ദാവൻകരയിലും നിരോധനാജ്ഞ തുടരുകയാണ്. ബംഗളൂരുവിലും രണ്ടാഴ്ചത്തേക്ക് പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ഹിജബിന്റെ പേരിൽ നടക്കുന്ന സംഘർഷത്തിന് പിന്നിൽ കോൺഗ്രസിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും തന്ത്രമാണെന്നാണ് കർണാടക സർക്കാരിൻറെ ആരോപണം. ഇതിനിടെ ഹിജാബ് നിരോധനത്തെ പിന്തുണച്ച് മധ്യപ്രദേശും പുതുച്ചേരിയും രംഗത്തെത്തി. നിർബന്ധിത ഡ്രസ് കോഡ് കൊണ്ടുവരുമെന്ന് ഇരുസംസ്ഥാനങ്ങളും അറിയിച്ചു. തെലങ്കാനയിൽ ഹിജാബ് നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സർക്കാരിന് കത്ത് നൽകി.