തിരുവനന്തപുരം: 17 മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന ബാ‌ർക്ക് റേറ്റിംഗിൽ   മലയാളം വാർത്താ ചാനലുകളിൽ ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ്. (barc-rating-asianet-news)  എല്ലാ വിഭാഗങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നിലാണ്.  24 ന്യൂസും മനോരമയും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഗ്രാമങ്ങളിലും നഗരങ്ങളിലും യുവാക്കള്‍ക്കിടയിലും  ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് തന്നെ. രണ്ടാമതും മൂന്നാമതും ഉള്ള വാ‌ർത്താചാനലുകളെക്കാൾ കണക്കുകളിൽ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാ‌‌ർ‌ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസ്.

റേറ്റിംഗ് പാകപ്പിഴകളെത്തുടർന്ന് 2020 ഒക്ടോബറിൽ ആയിരുന്നു ന്യൂസ് ചാനൽ റേറ്റിംഗ്, ബാർക്ക് നിർത്തിവച്ചത്. ദീർഘമായ ഇടവേളയ്ക്കുശേഷം കൂടുതൽ ആധികാരികതയോടെയും കൃത്യതയോടെയുമാണ് ബാർക് പ്രേക്ഷക റേറ്റിങ് പുറത്തുവിട്ടത്. 17 മാസങ്ങൾക്ക് ശേഷം  പുറത്തുവരുന്ന റേറ്റിംഗിനെ നെഞ്ചിടിപ്പോടെയാണ് ചാനലുകൾ  കാത്തിരുന്നത്. നാലാഴ്ചത്തെ ശരാശരി കണക്കുകളാണ് പുതിയ റേറ്റിംഗിൽ പരിഗണിച്ചത്. ഫെബ്രുവരി 12 മുതൽ മാർച്ച് 11 വരെയുള്ളതാണ് പ്രസിദ്ധീകരിച്ചത്. കടുത്ത മത്സരം ഉണ്ടായിരുന്നെങ്കിലും എല്ലാ വിഭാഗത്തിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതാണ്

കാൽ നൂറ്റാണ്ടായുള്ള മലയാളിയുടെ വാർത്താശീലം മാറ്റമില്ലാതെ തുടരുന്നുവെന്നത് ഉറപ്പിക്കുകയാണ് പുതിയ റേറ്റിംഗ്. സമീപകാലത്തെ എല്ലാ സുപ്രധാന വാർത്തകൾക്കും ബഹുഭൂരിപക്ഷം മലയാളികളും ആശ്രയിച്ചത് ഏഷ്യാനെറ്റ് ന്യൂസിനെയെന്ന് ബാർക്ക് റേറ്റിംഗ് വ്യക്തമാക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്, കേരളത്തെ ഇളക്കിമറിച്ച രാഷ്ട്രീയ ഭൂചലനങ്ങൾ, വിവാദങ്ങൾ , യുക്രൈൻ – റഷ്യ യുദ്ധം, സ്പോർട്സ് തുടങ്ങി ലോകത്തിൻെറ എല്ലാ ചലനങ്ങളിലും മലയാളിയുടെ കാഴ്ചയായത് ഏഷ്യാനെറ്റ് ന്യൂസ്. മലയാളി എല്ലാ സംവാദങ്ങളിലും കണ്ണും കാതും നൽകിയതും ഏഷ്യാനെറ്റ് ന്യൂസിന് തന്നെ.

Leave a Reply

Your email address will not be published.