ബസ് ചാർജ് 10 രൂപയാക്കി; ഓട്ടോയ്‌ക്ക് മിനിമം കൂലി 30 രൂപ; ടാക്‌സി ചാർജ്ജിലും വർദ്ധന; വര്‍ധനവ് അപര്യാപ്തമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ച് സർക്കാർ. മിനിമം ചാർജ് പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി. ഓട്ടോയ്‌ക്ക് മിനിമം ചാർജ് 30 രൂപയാക്കാനും യോഗത്തിൽ തീരുമാനിച്ചു. അതേസമയം വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
ബസ് യാത്ര നിരക്കിൽ മിനിമം ചാർജിന് ശേഷമുള്ള ഓരോ കിലോമീറ്ററിലും ഒരു രൂപയാകും ഈടാക്കുക. ഓട്ടോയ്‌ക്ക് മിനിമം ചാർജ് വർധിപ്പിച്ചെങ്കിലും വെയ്റ്റിംഗ് ചാർജിന് മാറ്റമില്ല. മിനിമം കൂലി 30 രൂപയാക്കുമ്പോൾ പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഈടാക്കാം. 30 രൂപയ്‌ക്ക് രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിക്കാമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
1500 സിസിക്ക് താഴെയുള്ള ടാക്‌സി കാറുകൾക്ക് അഞ്ച് കിലോമീറ്റർ വരെ 175 രൂപയായിരുന്നു നിരക്ക്. ഇത് 200 രൂപയായി വർധിപ്പിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സിക്ക് 200 രൂപയിൽ നിന്നും മിനിമം ചാർഡ് 225 രൂപയായും ഉയർത്തി. ചാർജ് വർധനവ് സംബന്ധിച്ച ഉത്തരവ് സർക്കാർ ഉടൻ പുറത്തിറക്കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.
പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒട്ടും പര്യാപ്തമായ നിരക്ക് വര്‍ധനവല്ലെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ടി ഗോപിനാഥ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി പ്രതികരിച്ചു.