‘നന്ദിഗ്രാമില്‍ നിന്ന് പാഠം പഠിക്കണം’; സിൽവർലൈനിൽ അതൃപ്തി അറിയിച്ച് ബംഗാൾ ഘടകം

‘നന്ദിഗ്രാമില്‍ നിന്ന് പാഠം പഠിക്കണം’; സിൽവർലൈനിൽ അതൃപ്തി അറിയിച്ച് ബംഗാൾ ഘടകം

April 7, 2022 0 By Editor

സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ സിപിഐഎം നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാക്കളുടെ മുന്നറിയിപ്പ്.

ബംഗാളിലെ പാര്‍ട്ടിക്ക് തിരിച്ചടിയായ നന്ദിഗ്രാം, സിങ്കൂര്‍ സംഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നാണ് ബംഗാളിലെ ഒരു കൂട്ടം നേതാക്കളുടെ നിര്‍ദേശം. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ കാണാതിരിക്കരുത്. ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പ്രതിഷേധങ്ങള്‍ ഒഴിവാക്കി വേണം പദ്ധതി നടപ്പിലാക്കാന്‍. സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ബംഗാള്‍ ഘടകം ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടു.

നന്ദിഗ്രാം, സിങ്കൂര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചെന്ന് ബംഗാളിലെ ഒരു കൂട്ടം നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. നന്ദിഗ്രാമില്‍ നിന്നും സിങ്കൂരില്‍ നിന്നും വ്യത്യസ്തമായി സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആശങ്കകളും നിലനില്‍ക്കുന്നുണ്ടെന്ന് ബംഗാള്‍ ഘടകം അറിയിച്ചു. ഈ ആശങ്കകളേയും അഭിമുഖീകരിക്കണമെന്നും നേതാക്കള്‍ വ്യക്തമാക്കി.