ആരോപണം നിഷേധിച്ച് കാവ്യ: നടിയോട് വ്യക്തി വൈരാഗ്യമില്ല;സാമ്പത്തിക താൽപര്യങ്ങളില്ല

കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടൻ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവൻ മൊഴി നൽകി. ഇന്നലെ ആലുവയിലെ ദിലീപിന്റെ ‘പത്മസരോവരം’ വീട്ടിലാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരിയിൽ തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നെങ്കിലും അന്വേഷണത്തിൽ തെളിവു ലഭിച്ചിരുന്നില്ല.

നടിയും കാവ്യ മാധവനും തമ്മിലുള്ള വ്യക്തി വിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താൽപര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തിൽ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

ഇന്നലെ ഉച്ചയ്ക്കു 12.45 നു തുടങ്ങിയ ചോദ്യംചെയ്യൽ 4 മണി വരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി: എം.പി.മോഹനചന്ദ്രൻ, പീഡനക്കേസിൽ തുടരന്വേഷണം നടത്തുന്ന ഡിവൈഎസ്പി: ബൈജു എം. പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവണമെന്നു കാണിച്ചു ക്രൈംബ്രാഞ്ച് 2 തവണ കാവ്യയ്ക്കു നോട്ടിസ് നൽകിയെങ്കിലും കേസിലെ സാക്ഷിയെന്ന നിലയ്ക്കു, തന്നെ വീട്ടിൽ വച്ചു ചോദ്യം ചെയ്യണമെന്ന നിലപാടാണു കാവ്യ സ്വീകരിച്ചത്. ഇതേ തുടർന്നാണ് അന്വേഷണ സംഘം ഇന്നലെ വീട്ടിലെത്തി കാവ്യയെ ചോദ്യം ചെയ്തത്. ഉത്തരങ്ങളിൽ തൃപ്തി വരാത്തതുകൊണ്ട് തന്നെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം ഊർജിതമാക്കുകയാണ് ക്രൈംബ്രാഞ്ച്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story