പോലീസുകാരുടെ മരണത്തില്‍ ദുരൂഹത: പോലീസ് നായ ഓടിക്കയറിയത് മോട്ടോര്‍പ്പുരയിലേക്ക്
പാലക്കാട്: മുട്ടിക്കുളങ്ങര കെ.എ.പി. രണ്ട് ബറ്റാലിയന്‍ ക്യാമ്പിലെ രണ്ട് പോലീസുകാരുടെ മരണത്തില്‍ ദുരൂഹതകളും സംശയങ്ങളും ഏറെ. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇരുവരെയും കാണാതാവുന്നത്. അതുവരെയും രണ്ട് പോലീസുകാരും ക്യാമ്പ് ക്വാട്ടേഴ്‌സിലുണ്ടായിരുന്നതായാണ് ജില്ലാ പോലീസ് മേധാവിയടക്കം വിശദീകരിക്കുന്നത്. വലിയ ഉയരത്തിലുള്ള ചുറ്റുമതിലും കനത്ത സുരക്ഷയുമുള്ള ക്യാമ്പില്‍നിന്ന് ഇവര്‍ എങ്ങനെ പാടത്തെത്തിയെന്നത് സംബന്ധിച്ചോ എന്തിന് പോയെന്നത് സംബന്ധിച്ചോ ആര്‍ക്കും അറിവില്ല.
പാടത്തിന് സമീപത്തുള്ള തോട്ടില്‍നിന്ന് മീന്‍ പിടിക്കാനോ തവള പിടിക്കാനോ മറ്റും പോയപ്പോള്‍ ഷോക്കേറ്റതാവാം മരണകാരണമെന്ന് പോലീസ് പറയുന്നുണ്ട്. എന്നാല്‍, ഷോക്കേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് കണ്ടെത്താനാവാത്തതും പോലീസിനെ കുഴയ്ക്കുന്നുണ്ട്. കൃഷി നശിപ്പിക്കുന്ന പന്നികളെ പിടികൂടാന്‍ സ്ഥലത്ത് ആളുകള്‍ കെണിയൊരുക്കാറുണ്ടെങ്കിലും ഇതിന്റെ തെളിവുകളൊന്നും നിലവില്‍ കണ്ടെത്താനായിട്ടില്ല. വൈദ്യുതക്കമ്പികള്‍ പൊട്ടിവീണതും സ്ഥലത്ത് കണ്ടെത്താനായിട്ടില്ല.
മൃതദേഹങ്ങള്‍ക്ക് കുറച്ച് അകലെയായി മോട്ടോര്‍പ്പുരയുണ്ട്. സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ ഡ്വാഗ് സ്‌ക്വാഡിന്റെ റോക്കിയെന്ന നായ മണംപിടിച്ച് ഓടിയത് മോട്ടോര്‍പ്പുരയിലേക്കാണ്. ഇതില്‍നിന്ന് ഷോക്കേറ്റതാണോ, പാടത്ത് പന്നിയെ പിടികൂടാനായി ആരെങ്കിലും വൈദ്യുതക്കെണി വെച്ചതാണോയെന്നതുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ ദൂരെ സ്ഥലങ്ങളില്‍ കിടക്കുന്നതിനാല്‍, ഷോക്കേറ്റ് മരിച്ചശേഷം ആരെങ്കിലും ഇരുവരെയും വ്യത്യസ്തസ്ഥലങ്ങളിലായി കൊണ്ടിട്ടതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും പ്രഥമദൃഷ്ട്യാ ഇല്ലാത്തതിനാല്‍, വിഷാംശം ഉള്‍പ്പെടെ മറ്റെന്തെങ്കിലുമാണോ മരണകാരണമെന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്.
ഇരുവരും ബുധനാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ബനിയനും ട്രൗസറുമായിരുന്നു വേഷം. മരിച്ചവരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഒരു ചുവന്ന കുടയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്താനായി. ക്യാന്പിലെ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും മറ്റ് കാര്യമായ തെളിവുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണത്തിനായി ഹേമാംബിക നഗര്‍ സി.ഐ. എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, കെ.എ.പി. രണ്ട് ബറ്റാലിയന്‍ കമാന്‍ഡന്റ് അജിത്ത് കുമാര്‍ എന്നിവര്‍ സ്ഥലം പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.