നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും…

ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.1952ൽ തിരുവനന്തപുരത്തു ജനിച്ച പ്രതാപ് പോത്തൻ ഊട്ടിയിലാണ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിനു പഠിക്കുന്ന കാലത്തുതന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബൈയിൽ ഒരു പരസ്യഏജൻസിയിൽ ജോലി ചെയ്തു.

1978ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ‘ആരവ’ത്തിലൂടെ സിനിമയിലെത്തിയ പ്രതാപ് എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു. ഭരതൻ ചിത്രം ‘തകര’യിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച പ്രതാപ് പോത്തൻ ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്.

ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. പ്രശസ്ത നിർമാതാവ് ഹരി പോത്തൻ‍ സഹോദരനാണ്. 1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർ‌ഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story