ചെറിയ പെരുന്നാള്‍: ഖത്തര്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചു

June 12, 2018 0 By Editor

ദോഹ: ചെറിയ പെരുന്നാള്‍ പൊതു സര്‍ക്കാര്‍ അവധി അമീരിദിവാന്‍ പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ജൂണ്‍ 13 മുതല്‍ 21 വരെ (വ്യാഴം) അമീരി ദീവാന്‍ അവധി പ്രഖ്യാപിച്ചു.

വാരാന്ത്യ അവധികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പതിനൊന്ന് ദിവസം അവധി ലഭിക്കും. അമീരി ദിവാന്റെ ഉത്തരവ് പ്രകാരം ജൂണ്‍ പതിമൂന്ന് ബുധനാഴ്ച മുതല്‍ ജൂണ്‍ 21 വ്യാഴം വരെയാണ് അവധി. 22, 23 തീയതികള്‍ വാരാന്ത്യ അവധിയായതിനാല്‍ 24 ഞായറാഴ്ച മുതലായിരിക്കും മന്ത്രാലയങ്ങളുടെയും അതോറിറ്റികളുടെയും മറ്റു പബ്ലിക്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കുക.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ പരിധിയിലുള്ള ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി എന്നിവിടങ്ങളിലെ ഈദുല്‍ഫിത്വര്‍ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനപ്രകാരമായിരിക്കും. തൊഴിലുടമയെ ആശ്രയിച്ചായിരിക്കും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവധി. സാധാരണഗതിയില്‍ മൂന്നു ദിവസമാണ് സ്വകാര്യസ്ഥാപനങ്ങള്‍ അവധി നല്‍കാറുള്ളത്. എന്നാല്‍ ഇത്തവണ ചില സ്വകാര്യസ്ഥാപനങ്ങള്‍ അഞ്ചുദിവസം വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.